വാഹനത്തിന്റെ ബോഡിയില്‍ നിന്നും പരിധിയില്ലാതെ ലോഡ് കയറ്റി പോകുന്നവരെ നമ്മള്‍ കണ്ടിട്ടുണ്ട്. ഇത് നിയമവശം അറിയാത്തത് കൊണ്ട് ചെയ്യുന്നതാകാം. ഇരുമ്പ് പൈപ്പുകള്‍, കമ്പികള്‍, തടികള്‍ എന്നിവ കയറ്റികൊണ്ടുപോകുന്ന വാഹനങ്ങളെ നാം ധാരാളമായി കാണാറുണ്ട്. വാഹനങ്ങളുടെ ബോഡിയും കഴിഞ്ഞ പുറത്തേയ്ക്ക് തള്ളി നില്‍ക്കുന്ന ലോഡുമായി പോകുന്നത് നിയമ വിരുദ്ധമാണെന്ന് പറയുകയാണ് മോട്ടര്‍ വാഹന വകുപ്പ്. നീണ്ടു നില്‍ക്കുന്ന ഏണിയുമായി പോയ ലോറി മൂലമുണ്ടായ അപകടത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചാണ് ഇതിന്റെ നിയമ വശങ്ങളെക്കുറിച്ച് മോട്ടര്‍വാഹന വകുപ്പ് പറയുന്നത്.
സുരക്ഷിതമായി ബന്ധിക്കാതെ വലുപ്പം കുറഞ്ഞ വാഹനങ്ങളില്‍ മുന്‍പിലേക്കോ പിറകിലേക്കോ തളളി നില്‍ക്കുന്ന കമ്പികള്‍, ഇരുമ്പു പൈപ്പുകള്‍, മെറ്റല്‍ ഷീറ്റുകള്‍, ഏണി, തടികള്‍ തുടങ്ങിയവ അപകടകാരികളാണ് എന്ന കാര്യം പലപ്പോഴും നാം സൗകര്യപൂര്‍വം മറക്കാറുണ്ടെന്നതാണ് സത്യം. പക്ഷേ മുന്‍പിലും പിന്നിലും ഉളള മറ്റു വാഹനങ്ങളുടെ ഡ്രൈവര്‍മാക്കും യാത്രികര്‍ക്കും, വാഹനങ്ങള്‍ക്കും ഇവ ഉണ്ടാക്കുന്ന ഭീഷണി ചെറുതല്ല. വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോള്‍ ഇവ കെട്ട് അഴിഞ്ഞ് മുന്നോട്ടോ പിറകിലോട്ടോ വീഴാനോ പിറകിലുള്ള വാഹനം സുരക്ഷിത അകലം കണക്കാക്കി പാലിക്കാത്തതിനാല്‍ ഇത്തരം പ്രൊജക്ഷനിലേക്ക് ഇടിച്ച് കയറാനോ സാധ്യത ഉണ്ട്.
വാഹനത്തില്‍ നിന്ന് മുന്നിലേക്കോ, പിറകിലേക്കോ വശങ്ങളിലേക്കോ ഒരു കാരണവശാലും ലോഡ് പുറം തള്ളി നില്‍ക്കാന്‍ പാടില്ല. 3500kg വരെ ഏഢണ ഉള്ള വാഹനങ്ങള്‍ക്ക് തറനിരപ്പില്‍ നിന്ന് പരമാവധി 3 മീറ്റര്‍ മാത്രമെ ഉയരം അനുവദിക്കുന്നുള്ളൂ. 3500kg ല്‍ കൂടുതല്‍ ഏഢം ഉള്ള വാഹനങ്ങള്‍ക്ക് 4 മീറ്ററും വാഹനങ്ങള്‍ കൊണ്ടു പോകുന്ന വലിയ വാഹനങ്ങള്‍ക്ക് പരമാവധി 4.75 മീറ്ററുമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്.