സൂറിക്: രാജ്യത്ത് നഴ്സുമാരുടെ ക്ഷാമം അനുഭവപ്പെടുന്നതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി ഡെന്മാര്ക്ക് ഉന്നത വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ആരോഗ്യമേഖലയില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്താന്‍ ഇന്ത്യയോടൊപ്പം, ഫിലിപ്പീന്‍സുമായും സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നത്.
ഡെന്മാര്ക്കില് നിന്നും മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നും രാജ്യത്തെ നഴ്സിങ് സ്റ്റാഫ് ക്ഷാമം പരിഹരിക്കാന്‍ ആവശ്യമായവരെ കണ്ടെത്താന്‍ സാധിക്കാതെ വന്നതാണ്, ഇന്ത്യയിലെയും ഫിലിപ്പീന്‍സിലെയും നഴ്സിങ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷയാവുന്നത്.
ഹെല്‍ത്ത് കെയര്‍ തൊഴില്‍ മേഖലയില്‍ വേതന വര്‍ധനയും, മറ്റ് ആകര്‍ഷക നടപടികളും കൊണ്ടുവന്നിട്ടും15000 ത്തോളം ഒഴിവുകളാണ് ഈ മേഖലയില്‍ കണക്കാക്കപ്പെടുന്നത്. ഇതില്‍ കൂടുതലും സീനിയര്‍ കെയര്‍ വിഭാഗത്തിലാണ്. അതുകൊണ്ട് തന്നെ നഴ്സുമാര്‍ക്ക് പുറമെ ഹെല്‍ത് കെയര്‍ അസിസ്റ്റന്റ് മാര്‍ക്കും അവസരമൊരുങ്ങുന്നു എന്നാണ് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നത്.