ദോഹ: ഖത്തറിന്റെ മധ്യസ്ഥതയില്‍ ഹമാസും ഇസ്രായേലും നടത്തിയ ചര്‍ച്ചയില്‍ പുതിയ ധാരണ. ബന്ദികള്‍ക്ക് മരുന്നും ഗസ്സയിലേക്ക് കൂടുതല്‍ സഹായവുമെത്തിക്കാനാണ് തീരുമാനം. ഹമാസ് ബന്ദികളാക്കിയവര്‍ക്ക് പല അസുഖങ്ങളുമുണ്ട്. ഇവര്‍ക്ക് ഈജിപ്ത് വഴി മരുന്ന് എത്തിക്കാനാണ് ധാരണ. ഇതിന് പകരമായാണ് ഗസ്സയിലേക്ക് കൂടുതല്‍ സഹായമെത്തിക്കാന്‍ ഇസ്രായേല്‍ അനുമതി നല്‍കിയത്.
അതേസമയം ഹമാസിനെ പൂര്‍ണമായി ഇല്ലാതാക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധം അവസാനിപ്പിക്കാതെ ബന്ദികളെ വിട്ടുതരില്ലെന്ന് ഹമാസും വ്യക്തമാക്കുന്നു.
അതിനിടെ ഇസ്രായേല്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ യു.എസ് സെനറ്റില്‍ പ്രമേയം അവതരിപ്പിക്കപ്പെട്ടത് ഏറെ ശ്രദ്ധേയ നീക്കമാണ്. ബേര്‍ണീ സാന്‍ഡേര്‍സ് എന്ന മുതിര്‍ന്ന ഡെമോക്രാറ്റിക് അംഗമാണ് സെനറ്റില്‍ പ്രമേയം അവതരിപ്പിച്ചത്. ഓരോ വര്‍ഷവും 3.8 ബില്യന്‍ ഡോളര്‍ യു.എസ് ഇസ്രായേലിന് നല്‍കുന്നുണ്ട്. ഈ പണം എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നത് പരിശോധിക്കണം. മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് ഈ പണം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.