മധുര: മകളുടെ ഓര്‍മ്മയ്ക്കായി ഏഴ് കോടി രൂപ വിലമതിക്കുന്ന ഭൂമി സര്‍ക്കാര്‍ സ്‌കൂളിന് വിട്ടുകൊടുത്ത് അമ്മ. തമിഴ്‌നാട്ടിലെ മധുര പുതൂര്‍ സ്വദേശിയും 52കാരിയുമായ പൂര്‍ണം എന്ന ആയി അമ്മാളാണ് മകളുടെ ഓര്‍മക്കായി പൊന്നുംവിലയുള്ള 52 സെന്റ് ഭൂമി സര്‍ക്കാര്‍ സ്‌കൂള്‍ വികസിപ്പിക്കാന്‍ വിട്ട് കൊടുത്തത്. നാട്ടിലെ സ്‌കൂള്‍ ഹൈസ്‌കൂളാക്കി മാറ്റുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുമാണ് ഭൂമി കൈമാറിയത്. സ്‌കൂള്‍ കെട്ടിടത്തിന് മകള്‍ യു. ജനനിയുടെ പേര് നല്‍കണമെന്ന അപേക്ഷമാത്രമാണ് അധികൃതരോട് പൂര്‍ണത്തിന് ആവശ്യപ്പെടാനുണ്ടായിരുന്നത്.
രണ്ട് വര്‍ഷം മുമ്പാണ് ബി.കോം ബിരുദധാരിയായ മകള്‍ ജനനി മരിക്കുന്നത്. ജനനി കുഞ്ഞായിരിക്കുമ്പോള്‍ പൂര്‍ണത്തിന്റെ ഭര്‍ത്താവും മരിച്ചു.ഭര്‍ത്താവിന്റെ ജോലിക്ക് പകരം സ്വകാര്യബാങ്കിലെ ക്ലര്‍ക്ക് ജോലി ലഭിച്ചതോടെയാണ് ഇരുവര്‍ക്കും ജീവിതം മുന്നോട്ട് കൊണ്ടുപോകാനായത്. നിരാലംബരായ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പരിശ്രമിച്ചിരുന്ന മകളുടെ അകാലത്തിലുള്ള മരണം പൂര്‍ണത്തിനെ മാനസികമായി തളര്‍ത്തിയിരുന്നു.
ജനുവരി അഞ്ചിനാണ്, ഏഴ് കോടിയോളം രൂപ വിലമതിക്കുന്ന സ്ഥലം സ്‌കൂളിന് വിട്ടുകൊടുക്കുന്നതിന്റെ രേഖകള്‍ ചീഫ് എഡ്യൂക്കേഷണല്‍ ഓഫീസര്‍ കെ കാര്‍ത്തികക്ക് പൂര്‍ണം കൈമാറിയത്. പൂര്‍ണത്തിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്തെത്തുകയും എക്‌സില്‍ കുറിപ്പെഴുതുകയും ചെയ്തു. റിപ്പബ്ലിക് ദിനത്തില്‍ പൂര്‍ണത്തെ ആദരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.