മലയാളികളുടെ മഹാകവി കുമാരനാശാന്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് 100 വര്‍ഷം

മലയാളികളുടെ മഹാകവി കുമാരനാശാന്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് 100 വര്‍ഷം

അനശ്വരമായ കൃതികളിലൂടെ എക്കാലവും മലയാളികളുടെ മനസില്‍ ജീവിക്കുന്ന മഹാകവിയാണ് കുമാരനാശാന്‍. തിരുവനന്തപുരം ജില്ലയിലെ
കായിക്കര ഗ്രാമത്തിലെ തൊമ്മന്‍വിളാകം വീട്ടിലാണ് മഹാകവിയുടെ ജനനം. പടിഞ്ഞാറ് അറേബ്യന്‍ സമുദ്രവും, കിഴക്ക് അഞ്ച്‌തെങ്ങ് കായലും കായല്‍ മധ്യത്ത് പ്രകൃതി രമണീയമായ പൊന്നും തുരുത്തും കൊണ്ട് പ്രകൃതി സമ്പന്നമാക്കിയ സുന്ദര ഗ്രാമമാണ് കായിക്കര. ആ പ്രകൃതി സൗന്ദര്യത്തിന്റെ മടിത്തട്ടില്‍ 1873 ഏപ്രില്‍ 12നാണ് ആശാന്റെ ജനനം. അച്ഛന്‍ നാരായണന്‍ പെരുങ്ങാടി, മലയാളത്തിലും തമിഴിലും നിപുണനായിരുന്നു. ഈഴവസമുദായത്തിലെ പ്രമുഖനായിരുന്ന അദ്ദേഹം നാട്ടുകാര്യങ്ങളില്‍ ശ്രദ്ധപതിപ്പിക്കുകയും മലയാളത്തില്‍ കീര്‍ത്തനങ്ങള്‍ രചിക്കുകയും അവ മനോഹരമായി ആലപിക്കുകയുംചെയ്യുമായിരുന്നു. അമ്മ കാളിയമ്മ, ഈശ്വരഭക്തയായ കുടുംബിനിയായിരുന്നു.

സംസ്‌കൃത വിദ്യാര്‍ത്ഥിയായിരിക്കെ 14-ാം വയസ്സില്‍ അധ്യാപക വൃത്തിയിലേര്‍പ്പെട്ടു. തുടര്‍ന്ന് കണക്കെഴുത്തുകാരനായും ഒരു കൈ നോക്കി. ചെറുപ്രായത്തില്‍ തന്നെ ശൃംഗാര ശ്ലോകങ്ങള്‍ രചിച്ചിരുന്നു. കുമാരനാശാനെ മഹാകവിയാക്കിയ കാവ്യമാണ് വീണപൂവ്. ശ്രീനാരായണ ഗുരുവിനോടൊത്ത് 1907ല്‍ 1083 വൃശ്ചികത്തില്‍ പാലക്കാട്ടെ ജൈനമേട്ടില്‍ താമസിച്ച ഘട്ടത്തിലാണ് ആശാന്‍ വീണപൂവ് രചിച്ചത്. മൂര്‍ക്കോത്ത് കുമാരന്റെ പത്രാധിപത്യത്തില്‍ തലശ്ശേരിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മിതവാദിയിലാണ് വീണപൂവ് ആദ്യമായി പ്രസിദ്ധീകരിച്ചത്. മഹാകാവ്യമെഴുതാതെ മഹാകവിയായ പ്രതിഭയാണ് കുമാരനാശാന്‍.

ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ!
ശ്രീഭൂവിലസ്ഥിര- അസംശയം- ഇന്നു നിന്റെ-
യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോര്‍ത്താല്‍

എന്നാരംഭിക്കുന്ന വീണപൂവില്‍, പൂവിന്റെ ജനനംമുതല്‍ മരണംവരെയുള്ള അതീവസൂക്ഷ്മമായ ഘട്ടങ്ങള്‍ മനുഷ്യജീവിതത്തിന്റെ നൈമിഷികതയെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, കേവലം നാല്പത്തിയൊന്നു ശ്ലോകങ്ങളിലൂടെ ഹൃദയസ്പര്‍ശിയാംവിധം ചിത്രീകരിച്ചിരിക്കുന്നു.മനുഷ്യ ജീവിതത്തിന്റെ നശ്വരതയും, അനിശ്ചിതത്വവും ആവിഷ്‌ക്കരിക്കാന്‍ അദ്ദേഹത്തിന് വെറും 164 വരികള്‍ മതിയായിരുന്നു. മനുഷ്യ ജീവിതവും പ്രകൃതിയും തമ്മിലുള്ള ഇഴപിരിക്കാനാവാത്ത ബന്ധത്തിന്റെ പൊരുളാണ് വീണപൂവിലൂടെ ആശാന്‍ ഇതള്‍ വിരിക്കുന്നത്. ആശാന്റെ മറ്റ് കവിതകളില്‍ നായകന്‍മാരും നായികമാരുമുള്ളപ്പോള്‍, വീണപൂവില്‍ പൂവ് മാത്രമാണ് സര്‍വ്വസ്വവും. സുന്ദരമായൊരു പുഷ്പം, കൊഴിഞ്ഞു തറയില്‍വീണുകിടക്കുന്നതു കണ്ടപ്പോളുണ്ടായ വിഷാദത്തില്‍നിന്നുടലെടുത്തതാണ്, ഈ കവിത. സാധാരണമനുഷ്യര്‍ കൊഴിഞ്ഞുകിടക്കുന്ന പുഷ്പങ്ങള്‍കാണുമ്പോള്‍ ഒരുനിമിഷം നോക്കിയേക്കാം. പിന്നെ നടന്നകലും. അതിനെ ഇത്രയധികം ഭാവനചാര്‍ത്തി വര്‍ണ്ണിക്കാന്‍ മഹാകവികള്‍ക്കേ സാധ്യമാകൂ.

ആധുനിക കവിത്രയത്തിലെ മുടിചൂടാമന്നനായിരുന്ന ആശാന്‍ തന്റെ രചനകള്‍ സാമൂഹിക അനീതികള്‍ക്കെതിരെ പൊരുതുന്ന പടവാളാക്കി മാറ്റി. മലയാള കാവ്യലോകത്ത് കാല്‍പനികതയുടെ വസന്തത്തിന് തുടക്കം കുറിച്ച പ്രമുഖ കവിയാണദ്ദേഹം. അത്യഗാധമായ മനസ്സിന്റെ ഉടമയായതിനാല്‍ രചനകള്‍ ആഴമേറിയ ആശയങ്ങളുടെ കലവറയായി മാറി.

മാനവികതയുടെ മഹത്തായ ചൈതന്യമുള്‍ക്കൊള്ളുന്നതാണ് മലയാളത്തിന്റെ സര്‍ഗസൃഷ്ടികളുടെ ശക്തി. മലയാള കവിതയുടെ ആഴം വര്‍ദ്ധിപ്പിക്കുകയും, അതിന്റെ വികാസത്തിന് പുത്തന്‍ പാതകള്‍ വെട്ടിത്തെളിക്കുകയും ചെയ്ത മഹാകവിയാണ് കുമാരനാശാന്‍. നിന്ദിതരുടെയും പീഢിതരുടെയും അഭിവൃദ്ധിക്കായി ജീവിതകാലം മുഴുവന്‍ പ്രയത്‌നിച്ച സാമൂഹിക പരിഷ്‌ക്കര്‍ത്താവ് എന്നീ നിലകളിലും സ്മരിക്കപ്പെട്ടു. ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ബാലരാമായണം, ശ്രീബുദ്ധ ചരിതം, കിളിപ്പാട്ട്, മേഘസന്ദേശം(തര്‍ജ്ജമ), സൗന്ദര്യലഹരി (തര്‍ജ്ജമ), വീണപൂവ്, കരുണ, നളിനി, ലീല, പ്രരോദനം, ചണ്ഡാലഭിക്ഷുകി തുടങ്ങിയ ഖണ്ഡകാവ്യങ്ങള്‍ കൂടാതെ മണിമാല, വനമാല, പുഷ്പവഴി തുടങ്ങിയ കവിതാ സമാഹാരങ്ങളും അദ്ദേഹം കൈരളിക്ക് സമ്മാനിച്ചു. ഇതില്‍ സാമൂഹിക പരിഷ്‌ക്കരണത്തിന്റെ കാഹളങ്ങളായിരുന്നു ദുരവസ്ഥയും, ചണ്ഡാലഭിക്ഷുകിയും. മറ്റ് രചനകള്‍ പ്രണയ ഗീതങ്ങളാണ്. എന്നാല്‍ പ്രണയ കാവ്യങ്ങളിലും പരിഷ്‌ക്കരണത്തിന്റെ അനുരണനങ്ങള്‍ വായിക്കാനാവും.

മലയാള സാഹിത്യ ശാഖയില്‍ ശ്രദ്ധേയങ്ങളായ കൃതികള്‍ രചിച്ച ആശാന്‍ വെയില്‍സ് രാജകുമാരനില്‍ നിന്ന് പട്ടും വളയും സ്വീകരിച്ചു. ബാംഗ്ലൂരില്‍ ഉപരിപഠനത്തിനായി പോയ ആശാന്‍ ഡോ.പല്‍പ്പുവിന്റെ അന്തേവാസിയായി കഴിഞ്ഞു. 1903ല്‍ എസ് എന്‍ ഡി പി യോഗം രജിസ്റ്റര്‍ ചെയ്തപ്പോള്‍ അതിന്റെ സ്ഥാപക സെക്രട്ടറിയായി ചുമതലയേറ്റു. യോഗത്തിന്റെ ആശയ പ്രചരണത്തിനായി രൂപംകൊണ്ട വിവേകോദയം പത്രത്തിന്റെ ചുമതലയും അദ്ദേഹം വഹിച്ചു. ശ്രീമൂലം അസംബ്ലിയിലെ അംഗമെന്ന നിലയ്ക്ക് ഇന്ത്യയിലെ തന്നെ ആദ്യകാല നിയമസഭാ സാമാജികരിലൊരാളായിരുന്നു അദ്ദേഹം. നാല്‍പ്പത്തിനാലാം വയസ്സിലായിരുന്നു ആശാന്റെ വിവാഹം.1918ല്‍ ഭാനുമതിയമ്മ അദ്ദേഹത്തിന്റെ ജീവിത സഖിയായി.

ആശാന്റെ സ്മരണയ്ക്കായി തിരുവനന്തപുരം-കൊല്ലം ഹൈവേയില്‍ ആറ്റിങ്ങല്‍ ടൗണിന് തെക്ക് തോന്നയ്ക്കലിലാണ് ആശാന്‍ സ്മാരകമുള്ളത്. ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇവിടെയുള്ള കിണറ്റിന്‍കരയില്‍ ഒരു നീചനാരി നില്‍ക്കുന്നതായി കണ്ടാല്‍ അവരെ കുറ്റം പറയാനാവില്ല. ആ സ്ത്രീയുടെ കൈയില്‍ നിന്ന് ദാഹം തീര്‍ക്കാന്‍ തണുത്ത വെള്ളം വാങ്ങിക്കുടിക്കുന്ന ബുദ്ധഭിക്ഷുവാണ് താനെന്ന് ഏതെങ്കിലും ആരാധകന് തോന്നിയാല്‍ അവരെയും കുറ്റം പറയാനാവില്ല. അത്രക്കും കാവ്യസാന്ദ്രമായ ഇടമായേ ആശാന്‍ സ്മാരകത്തെ ദര്‍ശിക്കാനാവൂ. ചിലപ്പോഴൊക്കെ ദൈവം മഹാപ്രതിഭകളെ സൃഷ്ടിക്കും. അവര്‍ സൂര്യതേജസായി ജ്വലിക്കും. എന്നാല്‍ ജീവിതാസ്തമയവും പെട്ടെന്നായിരിക്കും. 1924ല്‍ ജനുവരി 16ന് പല്ലനയാറ്റിലൂണ്ടായ ഒരു ബോട്ടപകടത്തില്‍ ആ വിലപ്പെട്ട ജീവന്‍ നഷ്ടപ്പെട്ടു.അദ്ദേഹം വിടവാങ്ങിയിട്ട് ഇന്നേക്ക് 100 വര്‍ഷം തികയുന്നു.ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍, വയലാര്‍ തുടങ്ങി എത്രയെത്ര മഹാരഥന്മാരാണ് നമുക്ക് അഭിമാനിക്കാനായി ഉള്ളത്. കാലാതിവര്‍ത്തിയായ സ്‌നേഹ ഗായകനായ മഹാകവിക്ക് പ്രണാമം.

 

 

 

 

മലയാളികളുടെ മഹാകവിയായ കുമാരനാശാന്‍
വിടപറഞ്ഞിട്ട് ഇന്നേക്ക് 100 വര്‍ഷം

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *