മണിപൂരില്‍ നിന്ന് രാഹുല്‍ഗാന്ധി ജോഡോ ന്യായ് യാത്ര ആരംഭിക്കുമ്പോള്‍ അത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്ത് ചലനമാണ് സൃഷ്ടിക്കാന്‍ പോകുന്നതെന്ന് ഭരണ കക്ഷിയായ ബിജെപിയും, രാഷ്ട്രീയ നിരീക്ഷകരും, പൗര സമൂഹവും ഗൗരവത്തില്‍ വീക്ഷിക്കുകയാണ്. രാഹുല്‍ഗാന്ധി നടത്തിയ ഒന്നാം ഭാരത്‌ജോഡോ യാത്ര ലോക ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഒരു സമര കാഹളമായിരുന്നെന്ന് ഇതിനകം ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞു. രാഹുല്‍ ഗാന്ധിയും, കോണ്‍ഗ്രസും, പ്രധാനമായും ലക്ഷ്യം വെക്കുന്നത് ബിജെപിയെയും പ്രധാന മന്ത്രി മോദിയെയുമാണ്. ഒന്നാം മോദി സര്‍ക്കാരും രണ്ടാം മോദി സര്‍ക്കാരും ഭാരത മക്കളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കുകയും രാജ്യത്തന്റെ അഖണ്ഡതക്കും,ഫെഡറല്‍ സംവിധാനത്തിനും ഗുരുതരമായ പരികക്കേല്‍പ്പിച്ചിരിക്കുകയാണെന്നാണ് ഭാരത് ജോഡോ യാത്രയിലുടനീളം അവര്‍ ജനങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ പേര് മാറ്റാനുള്ള ശ്രമം, കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികളായ സംസ്ഥാന ഗവര്‍ണര്‍മാര്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന നടപടികള്‍, പ്രധാനമന്ത്രിതന്നെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം നല്‍കുന്നത് ഇത്യാദികാര്യങ്ങള്‍ ഭരണഘടനയുടെ ലംഘനങ്ങളാണെന്നാണ് കോണ്‍ഗ്രസടങ്ങുന്ന ഇന്ത്യാ മുന്നണി ചൂണ്ടിക്കാട്ടുന്നത്.
മണിപ്പൂരില്‍ വംശീയ കലാപമുണ്ടായപ്പോള്‍ പ്രധാനമന്ത്രി സമാധാന സന്ദേശമായി അവിടെ ഓടിയെത്തി പരിഹാര നടപടികള്‍ ഉണ്ടാക്കുമെന്ന് രാജ്യത്തെ ഏതൊരു പൗരനും ആഗ്രഹിച്ചുപോയതാണ്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ വര്‍ഗ്ഗീയ കലാപമുണ്ടായ ദേശങ്ങളില്‍ സമാധാന സന്ദേശവുമായി രാഷ്ട്ര പിതാവ് മഹാത്മാഗാന്ധി ഓടിയെത്തിയതും വര്‍ഗ്ഗീയതയുടെ തീയണയ്ക്കാന്‍ ഇടപെട്ടതും ചരിത്രത്തിലെ വെള്ളിരേഖകളാണ്.
മണിപ്പൂരില്‍ നിന്ന് രാഹുല്‍ ഗാന്ധി ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 100 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയാണ് കടന്ന് പോവുക. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നാരംഭിച്ച് ഉത്തര, മധ്യ ഇന്ത്യയിലൂടെ പടിഞ്ഞാറുള്ള മഹാരാഷ്ട്രയിലേക്ക് സഞ്ചരിക്കുന്നതാണ് ന്യായ് യാത്ര. രാജ്യത്ത് പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനങ്ങള്‍ ദുര്‍ബലമാണ്. സംഘടനാ സംവിധാനം ദുര്‍ബലമായ സ്ഥലങ്ങളില്‍ യാത്രയിലൂടെ ജനങ്ങളെ കോണ്‍ഗ്രസിലേക്കടുപ്പിക്കുക എന്നതും, വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയുടെ വിജയമുറപ്പിക്കുക എന്നതുമാണ് രാഹുല്‍ ഗാന്ധി യാത്രയിലൂടെ ലക്ഷ്യമിടുന്നത്.