ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതില്‍ ഒരു രൂപതയ്ക്കും ഇളവില്ലന്ന് സീറോ മലബാര്‍ സഭാ സിനഡ്. ഇതോടെ എറണാകുളം – അങ്കമാലി അതിരൂപതയില്‍ പ്രതിസന്ധി കനക്കും.
പുതിയതായി അധികാരത്തില്‍ വന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ കൂടിയ ആദ്യ സിനഡിന്റെ രണ്ടാം ദിവസം കുര്‍ബാന തര്‍ക്കമായിരുന്നു മുഖ്യ ചര്‍ച്ചാ വിഷയം. പ്രശ്‌നം പരിഹരിക്കാന്‍ ആറ് മാസത്തെ സമയം കൂടി അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ഇനിഏകീകൃത കുര്‍ബാനയില്‍ വിട്ടുവീഴ്ച്ചയില്ലന്ന് സീറോ മലബാര്‍ സഭാസിനഡ് തീരുമാനിക്കുകയായിരുന്നു.
എറണാകുളം – അങ്കമാലി അതിരൂപതിയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കിയേ തീരു എന്നാണ് സിനഡ് നിലപാട് എന്ന് വ്യക്തമാക്കി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. സര്‍ക്കുലറിനൊപ്പം മുഴുവന്‍ മെത്രാന്‍മാരും ഒപ്പിട്ട എറണാകുളം – അങ്കമാലി അതിരൂപതയോടുള്ള അഭ്യര്‍ത്ഥനയും ഉണ്ട്.