യെമനിലെ ഹൂതി വിമതര്‍ ചെങ്കടലില്‍ നടത്തുന്ന കപ്പല്‍ ആക്രമണങ്ങള്‍ ഇന്ത്യയടക്കമുള്ള ഇറക്കുമതി രാജ്യങ്ങളില്‍ എണ്ണ വില ഉയരാന്‍ സാധ്യതയെന്ന് ലോക എക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) പ്രസിഡന്റ് ബോര്‍ഗ് ബ്രെന്‍ഡെ. ആഗോള വിതരണ ശൃംഖലയെ ഇത് പ്രതികൂലമായി ബാധിക്കും. ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ എണ്ണ വിലയില്‍ 10 മുതല്‍ 20 ഡോളര്‍ വരെ വര്‍ധനവുണ്ടാകുമെന്നും ഇത് സമ്പദ് വ്യവസ്ഥയെ മോശമായി ബാധിക്കുമെന്നും ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ ലോക എക്കണോമിക് ഫോറത്തിന്റെ 54-ാമത് വാര്‍ഷികയോഗം ഇന്ന് തുടങ്ങാനിരിക്കെയാണ് ബ്രെന്‍ഡെയുടെ പ്രതികരണം.
കഴിഞ്ഞ വര്‍ഷത്തെ വ്യാപാര വളര്‍ച്ച 3.4 ശതമാനത്തില്‍ നിന്ന് 0.8 ശതമാനമായി കുറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ചെങ്കടല്‍ പ്രതിസന്ധിക്കിടയിലും ആഗോള വ്യാപാരം ഈ വര്‍ഷം ഉയരും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചെങ്കടലിലെ വ്യാപാരം സാധാരണ പോലെ പുന:സ്ഥാപിക്കാനാകുമെന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ എട്ട് ശതമാനത്തിന്റെ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ’യെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം 2.9 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ഡബ്ല്യുഇഎഫ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അത് ഉടന്‍തന്നെ മൂന്ന് ശതമാനത്തിന് മുകളിലാകുമെന്ന വിശ്വാസമുണ്ട്. ഗാസയിലെ യുദ്ധത്തില്‍ ഇപ്പോള്‍ നാം സഹകരിക്കേണ്ടതുണ്ടെന്ന് പറഞ്ഞ ബ്രെന്‍ഡെ വിഘടിച്ച ശിഥിലമായ ലോകത്ത് വേണ്ട സഹകരണത്തെക്കുറിച്ചും പ്രതികരിച്ചു.