പത്തനംതിട്ട: മകര വിളക്ക് ദര്‍ശിക്കാന്‍ ശബരിമല സന്നിധാനത്തെ തിരക്കു കാരണം പമ്പയില്‍നിന്ന് തീര്‍ഥാടകരെ കടത്തിവിടുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പമ്പ ഗണപതി കോവിലിനു സമീപമാണ് ഭക്തരെ തടഞ്ഞത്. കൂടുതല്‍ ഭക്തര്‍ ഇനിയും സന്നിധാനത്തേക്ക് എത്തുന്നത് അപകടമുണ്ടാക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഏതാണ്ട് ഒന്നരലക്ഷത്തിലധികം തീര്‍ഥാടകര്‍ സന്നിധാനപരിസരത്ത് ഉണ്ടെന്നാണ് പോലീസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുമുമ്പ് പമ്പ കടന്നുപോയ ഭക്തര്‍ അടക്കം മകരവിളക്ക് ദര്‍ശനസമയത്ത് സന്നിധാന മേഖലയിലിയിലുണ്ടാവുന്നവരുടെ എണ്ണം ഒന്നേമുക്കാല്‍ ലക്ഷത്തോളമാകും. അതിനാല്‍, കൂടുതല്‍പേര്‍ സന്നിധാനത്തുനിന്ന് ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നമുറയ്ക്ക് മാത്രമേ പമ്പയില്‍ നിന്ന് തടഞ്ഞുവെച്ചിരിക്കുന്ന ഭക്തരെ കടത്തിവിടുകയുള്ളൂവെന്നാണ് പോലീസ് അറിയിക്കുന്നത്.
മകരവിളക്ക് ദര്‍ശനത്തിനായി ആന്ധ്രാ, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍നിന്നെത്തിയവരാണ് ഇപ്പോള്‍ പമ്പയിലുള്ള ഭൂരിഭാഗംപേരും. .
തീര്‍ഥാടകര്‍ക്ക് വെയിലേല്‍ക്കാതെയും മറ്റു അസൗകര്യങ്ങള്‍ ഇല്ലാതെയും കാത്തുനില്‍ക്കാനുള്ള സൗകര്യങ്ങളും കൂടാതെ കുടിവെള്ളവും ലഘുഭക്ഷണവുമടക്കം ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മുന്‍വര്‍ഷങ്ങളിലും മകരവിളക്കിനോടനുബന്ധിച്ച് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. നിയന്ത്രണം സംബന്ധിച്ച അറിയിപ്പ് ദിവസങ്ങള്‍ക്കുമുമ്പുതന്നെ പുറപ്പെടുവിച്ചിരുന്നു. ഭക്തര്‍ക്ക് സുരക്ഷിതമായി മകരവിളക്ക് കാണാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയതായി റാന്നി എം.എല്‍.എ പ്രമോദ് നാരായണ്‍ അറിയിച്ചു.