ചെങ്കടലിലും മിഡില്‍ ഈസ്റ്റിലും തുടരുന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ ആഗോളസമ്പദ്വ്യവസ്ഥയെതകിടം മറിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍.അഗോള അനിശ്ചിതാവസ്ഥ, വളര്‍ച്ചാനിരക്കിലെ ഇടിവ്, സ്ഥിരമായ പണപ്പെരുപ്പം, കൂടാതെ ഊര്‍ജ്ജ വിതരണത്തിനുള്ള തടസം നേരിടാനും സാധ്യതകളുണ്ടെന്നും വിലയിരുത്തലുണ്ട്. ബ്രിട്ടനും, യുഎസ്എയും യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ നടത്തുന്ന തുടരാക്രമണങ്ങള്‍ രൂക്ഷമായതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.
യുക്രെയ്ന്‍-റഷ്യ യുദ്ധവുംആഗോള സാമ്പത്തിക സ്ഥിതിക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ചൈനയില്‍ പ്രതീക്ഷിച്ചതിലും താഴ്ന്ന വളര്‍ച്ച, വ്യാപരത്തിലുണ്ടാകുന്ന ഇടിവ്, കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങള്‍ എന്നിവയെല്ലാം ആഗോളസാമ്പത്തിക വ്യവസ്ഥയെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ചെങ്കടലിലൂടെ കടത്തിവിടുന്ന വാണിജ്യ കപ്പലുകള്‍ക്ക് നേരെ സമീപകാലത്തുണ്ടായ ആക്രമണം കപ്പല്‍ ഗതാഗതം തടസപ്പെടുത്തുന്നതിനും വിതരണശ്യംഖലകളിലെ പ്രതിസന്ധിയും പണപ്പെരുപ്പത്തിന്റെ സാധ്യതകളും വര്‍ധിപ്പിച്ചിട്ടുണ്ട്. വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ ഊര്‍ജവിതരണത്തെ ബാധിക്കുമ്പോള്‍ സ്വഭാവികമായും ഊര്‍ജത്തിന്റെ വിലയും ഉയരും. ഇത് മറ്റ് മേഖലകളെ ബാധിക്കുക മാത്രമല്ല സാമ്പത്തികമായ അനിശ്ചിതത്വവും സൃഷ്ടിക്കും. കൂടാതെ നിക്ഷേപം കുറയുകയും വളര്‍ച്ച ദുര്‍ബലപ്പെടുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
യെമെനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയും ബ്രിട്ടണും വ്യാഴാഴ്ച മുതലാണ് ആക്രമണം കടുപ്പിച്ചത്. ചെങ്കടലിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് നേരയുള്ള ആക്രമണത്തിന് മറുപടിയായാണ് സംയുക്ത നീക്കം നടക്കുന്നത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതയെ സ്തംഭിപ്പിച്ചിരിക്കുന്നു എന്ന് മാത്രമല്ല സാമ്പത്തിക മേഖലയെ തന്നെ ബാധിച്ചിരിക്കുകയാണെന്ന് ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോര്‍പ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റിലെ (ഒഇസിഡി) സാമ്പത്തിക വിദഗ്ധനായിരുന്ന ജോണ്‍ ലെവെല്ലിന്‍ പറുന്നു. ലോക വ്യാപാരത്തിന് തടസ്സമുണ്ടാക്കാനുള്ള സാധ്യത 30 ശതമാനമായി ഉയര്‍ത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗാസയിലുള്ള പലസ്തീനികള്‍ക്ക് പിന്തുണയായി ഇസ്രയേലിന്റെ കപ്പലുകള്‍ മാത്രമാണ് ലക്ഷ്യം വെയ്ക്കുന്നതെന്നാണ് ഹൂതികളുടെ വിശദീകരണം. ആക്രമണങ്ങള്‍ ചെങ്കടലിലൂടെയും അറബിക്കടലിലൂടെയും കപ്പലുകള്‍ കടന്നുപോകുന്നത് തടയാനുള്ള ഹൂതികളുടെ നീക്കങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതല്ലെന്ന് ഹൂതികളുടെ വക്താവ് മുഹമ്മദ് അബ്ദുള്‍സലാം വ്യക്തമാക്കി.
സംഘര്‍ഷങ്ങള്‍ മൂലം കപ്പലുകള്‍ വ്യത്യസ്തമായ പാത തിരഞ്ഞെടുക്കുന്നുണ്ടെങ്കിലും ചിലവ് വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നവംബറില്‍ ഒരു കണ്ടെയ്നറിന് 1,500 അമേരിക്കന്‍ ഡോളറായിരുന്നത് ഡിസംബറില്‍ 4,000 ഡോളറായി ഉയര്‍ന്നു. പ്രതിസന്ധിയും സംഘര്‍ഷവും ഇനിയും തുടരുകയാണെങ്കില്‍ വിനാശകരമായ പ്രത്യാഘാതങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല.
നവംബറില്‍ സൂയസ് കനാലുവഴി കടന്നുപോയിരുന്ന കണ്ടെയ്‌നറുകളുടെ എണ്ണത്തില്‍ 60 ശതമാനം ഇടിവു വന്നതായി ബ്രിട്ടീഷ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ വ്യാപാര വിദഗ്ധന്‍ വില്യം ബെയിന്‍ ചൂണ്ടിക്കാട്ടി.
ചെങ്കടലിലും മിഡില്‍ ഈസ്റ്റിലും തുടരുന്ന സംഘര്‍ഷം;
ആഗോള സമ്പദ്വ്യവസ്ഥയെ തകിടം മറിക്കുമെന്ന് വിദഗ്ധര്‍