ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി 11 ദിവസത്തെ വ്രതാനുഷ്ഠാനം ആരംഭിച്ചു. ”ഞാന്‍ വികാരങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്!. ജീവിതത്തിലാദ്യമായാണ് ഇത്തരം വികാരങ്ങളിലൂടെ കടന്നുപോകുന്നത്. ഭക്തിയുടെ വ്യത്യസ്തമായ അനുഭൂതിയാണിത്. ആഗ്രഹമുണ്ടെങ്കിലും അതിന്റെ ആഴവും പരപ്പും വിവരിക്കാനാവുന്നില്ല. ഒട്ടേറെ തലമുറകള്‍ ഹൃദയത്തില്‍ കൊണ്ടുനടന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുമ്പോള്‍ സന്നിഹിതനാകാനുള്ള അവസരമാണ് ലഭിച്ചത്. എല്ലാ ഇന്ത്യക്കാരെയും പ്രതിനിധാനംചെയ്യാന്‍ ദൈവം എന്നെ ചുമതലപ്പെടുത്തി. വലിയ ഉത്തരവാദിത്വമാണിത്. മനസ്സിലും ഹൃദയത്തിന്റെ ഓരോ സ്പന്ദനത്തിലും 140 കോടി ഇന്ത്യക്കാര്‍ എന്നോടൊപ്പമുണ്ടാകും. രാമക്ഷേത്ര ലക്ഷ്യത്തിനായി ജീവിതം സമര്‍പ്പിച്ചവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്നു” -മോദി പറഞ്ഞു.
11 ദിവസത്തെ വ്രതാരംഭത്തിന് തുടക്കമിടുന്നത് നാസിക്കിലെ പഞ്ചവടിയില്‍നിന്നാണെന്നത് ഏറെ സന്തോഷകരമാണെന്നും സന്ദേശത്തില്‍ പറഞ്ഞു. ഛത്രപതി ശിവജിയുടെ അമ്മ ജീജാബായിയുടെയും സ്വാമി വിവേകാനന്ദന്റെയും ജയന്തിദിവസമായത് യാദൃച്ഛികമാണ്. സീതാരാമഭക്തയായ സ്വന്തം അമ്മയെയും പ്രധാനമന്ത്രി സന്ദേശത്തില്‍ അനുസ്മരിച്ചു.
രാമക്ഷേത്ര പ്രതിഷ്ഠക്ക് പ്രധാനമന്ത്രി
വ്രതാനുഷ്ഠാനം തുടങ്ങി