കൊച്ചി: സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ സ്ഥാനമേറ്റു. കാക്കനാട് സെയ്ന്റ് തോമസ് മൗണ്ടിലാണ്
മാര്‍ റാഫേല്‍ തട്ടിലിന്റെ സ്ഥാനാരോഹണം നടന്നത്. സഭയുടെ നാലാമത്തെ മേജര്‍ ആര്‍ച്ച് ലബിഷപായാണ് ഷംഷാബാദ് രൂപതയുടെ മെത്രാനായ മാര്‍ റാഫേല്‍ തട്ടിലിനെ സിനഡ് തെരഞ്ഞെടുത്തത്.സഭയുടെ അഡ്മിനിസ്ട്രേറ്ററായി പ്രവര്‍ത്തിക്കുന്നബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലാണ് ചടങ്ങിന്റെ മുഖ്യകാര്‍മികന്‍, മാര്‍ റാഫേല്‍ തട്ടിലിനെ ചുവന്ന മുടി ധരിപ്പിക്കുകയും അംശവടി നല്‍കുകയും ചെയ്തു. തുടര്‍ന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പിനായി തയ്യാറാക്കിയ പ്രത്യേകം ഇരിപ്പിടത്തിലേക്ക് അദ്ദേഹത്തെ ആനയിച്ച് ഇരുത്തി. തുടര്‍ന്ന് കീര്‍ത്താനാലാപത്തിനു ശേഷം മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനാരോഹണ കര്‍മത്തിന്റെ സമാപന ആശീര്‍വാദം നല്‍കി.
മാര്‍ റാഫേല്‍ തട്ടിലിനെ മേജര്‍ ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുത്തതിന് അനുമതി നല്‍കിക്കൊണ്ട് വത്തിക്കാന്‍ നല്‍കിയ സമ്മതപത്രം ചടങ്ങില്‍ വായിച്ചു. സമ്മതപത്രം വായിക്കലിനു ശേഷം സ്ഥാനാരോഹണ ചടങ്ങിലേക്ക് കടന്നു.
സിറോ മലബാര്‍ സഭയുടെ എല്ലാ മെത്രാന്മാരുംതന്നെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമിസ് കാതോലിക്ക ബാവ, ലത്തീന്‍ സഭാ പ്രതിനിധികള്‍, വത്തിക്കാന്‍ പ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. സാധാരണഗതിയില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ കാര്യാലയമായ സെയ്ന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയിലാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കാറുള്ളത്.എന്നാല്‍, ഏകീകൃത കുര്‍ബാന വിഷയത്തിലെ തര്‍ക്കത്തെ തുടര്‍ന്ന് ബസലിക്ക അടച്ചിട്ടതിനാല്‍ ബസലിക്കയ്ക്ക് പുറത്ത് ആദ്യമായാണ് മേജര്‍ ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങ് നടന്നത്.