മൂന്നു മേഖലകളില്‍ സഹകരണ വിപുലീകരണം ഇന്ത്യ-യുഎഇ ധാരണ

മൂന്നു മേഖലകളില്‍ സഹകരണ വിപുലീകരണം ഇന്ത്യ-യുഎഇ ധാരണ

പുനരുപയോഗ ഊര്‍ജം, ഭക്ഷ്യസംസ്‌കരണം, ആരോഗ്യസംരക്ഷണം എന്നീ മൂന്നുമേഖലയില്‍ സഹകരണം വിപുലീകരിക്കാനാണ് തീരുമാനം.

അബുദാബി : മൂന്നുമേഖലയില്‍ സഹകരണം വിപുലീകരിക്കാന്‍ ഇന്ത്യയും യുഎഇയും ധാരണയായി. പുനരുപയോഗ ഊര്‍ജം, ഭക്ഷ്യസംസ്‌കരണം, ആരോഗ്യസംരക്ഷണം എന്നീ മൂന്നുമേഖലയില്‍ ഉഭയകക്ഷി നിക്ഷേപസഹകരണം വിപുലീകരിക്കാനുള്ള ധാരണാപത്രങ്ങളിലാണ് ഇന്ത്യയും യു.എ.ഇ.യും ഒപ്പുവെച്ചത്.

അതത് വകുപ്പുകളുടെ പ്രതിനിധികളാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. പുനരുപയോഗ ഊര്‍ജമേഖലയിലെ നിക്ഷേപസഹകരണം സംബന്ധിച്ച ധാരണാപത്രത്തില്‍ യു.എ.ഇ. നിക്ഷേപമന്ത്രി മുഹമ്മദ് ഹസന്‍ അല്‍ സുവൈദിയും ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയത്തിനുവേണ്ടി ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറുമാണ് ഒപ്പുവെച്ചത്.

കരാര്‍പ്രകാരം ഇന്ത്യയില്‍ നടപ്പാക്കുന്ന പുനരുപയോഗ ഊര്‍ജപദ്ധതികളിലെ നിക്ഷേപസഹകരണം 60 ജിഗാവാട്ട്വരെയെത്താം. ശുദ്ധോര്‍ജത്തിലേക്കുള്ള പരിവര്‍ത്തനം ഇന്ത്യ മുന്‍ഗണന നല്‍കുന്ന വിഷയമാണ്. 2030-ഓടെ പുനരുപയോഗ ഊര്‍ജസ്രോതസ്സുകളില്‍നിന്ന് വൈദ്യുതിയുടെ ആവശ്യകതയില്‍ 50 ശതമാനമെങ്കിലും ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ഭക്ഷ്യ സംസ്‌കരണ നിക്ഷേപസഹകരണം സംബന്ധിച്ച ധാരണാപത്രത്തില്‍ യു.എ.ഇ. നിക്ഷേപ മന്ത്രി മുഹമ്മദ് ഹസന്‍ അല്‍ സുവൈദിയും ഇന്ത്യന്‍ ഭക്ഷ്യസംസ്‌കരണ വ്യവസായമന്ത്രി പശുപതി കുമാര്‍ പരാസും ഒപ്പിട്ടു. ഉടമ്പടിപ്രകാരം ഫുഡ്പാര്‍ക്ക് പദ്ധതികള്‍ വികസിപ്പിക്കുന്നതിനും ആഗോള ഭക്ഷ്യസുരക്ഷയ്ക്ക് പ്രാധാന്യംനല്‍കുകയും ചെയ്യും. അത്യാധുനിക അഗ്രിടെക്, ക്ലീന്‍ ടെക്, പുനരുപയോഗ ഊര്‍ജ പരിഹാരങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്താനും നിക്ഷേപസഹകരണം ലക്ഷ്യമിടുന്നുണ്ട്. ഇതിലൂടെ പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ വികസിപ്പിക്കും.

നൂതന ആരോഗ്യസംരക്ഷണ പദ്ധതികളിലെ സഹകരണം സംബന്ധിച്ച ധാരണാപത്രത്തില്‍ മന്ത്രി ഹസന്‍ അല്‍ സുവൈദിയും ഇന്ത്യയുടെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യയുമാണ് ഒപ്പിട്ടത്. ധാരണപ്രകാരം വ്യക്തിഗത ആരോഗ്യസംരക്ഷണവും ക്ഷേമവും ഉറപ്പാക്കും.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അഹമ്മദാബാദിലെത്തിയ യു.എ.ഇ.പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഉച്ചകോടിയില്‍ സംസാരിച്ച ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തനിക്കുലഭിച്ച ക്ഷണത്തിന് നരേന്ദ്രമോദിക്ക് നന്ദി അറിയിച്ചു. വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടി സാമ്പത്തികവളര്‍ച്ചയിലും നിക്ഷേപത്തിലും വൈദഗ്ധ്യം കൈമാറുന്നതിനുള്ള പ്രധാന അന്താരാഷ്ട്ര ഫോറമായി മാറിയെന്ന് യു.എ.ഇ. പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

അബുദാബി ഉപഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, യു.എ.ഇ. വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രസിഡന്‍ഷ്യല്‍ കോര്‍ട്ടിലെ പ്രത്യേകകാര്യ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂന്‍ അല്‍ നഹ്യാന്‍, പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ബിന്‍ മുഹമ്മദ് ഗര്‍ഗാഷ്, അന്താരാഷ്ട്ര സഹകരണമന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷിമി, നിക്ഷേപമന്ത്രി മുഹമ്മദ് ഹസന്‍ അല്‍ സുവൈദി തുടങ്ങിയവരും യു.എ.ഇ. പ്രസിഡന്റിനൊപ്പം അഹമ്മദാബാദിലുണ്ട്.

 

 

 

 

മൂന്നു മേഖലകളില്‍ സഹകരണ വിപുലീകരണം
ഇന്ത്യ-യുഎഇ ധാരണ

Share

Leave a Reply

Your email address will not be published. Required fields are marked *