കോഴിക്കോട് കൊടുവള്ളിയില്‍ വിദ്യാര്‍ഥിയുടെ മരണത്തിനിടയാക്കിയ വാഹനം തിരിച്ചറിഞ്ഞു. പെരിയാംതോട് സ്വദേശിയുടെ പിക്കപ്പ് വാനാണ് സ്കൂട്ടറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയത്. മണാശ്ശേരി കെ.എം.സി.ടി. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ഫാത്തിമ മിന്‍സിയയും പൂനൂര് സ്വദേശിനി ഫിദ ഫര്‍സാനയും സഞ്ചരിച്ച സ്കൂട്ടറില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ താമരശ്ശേരിയിലേക്ക് വരികയായിരുന്ന ബസിനു മുന്നിലേക്ക് മറിയുകയായിരുന്നു. സ്കൂട്ടറുമായി അല്പദൂരം മുന്നോട്ട് നീങ്ങിയാണ് ബസ് നിന്നത്. സ്കൂട്ടറിലുണ്ടായിരുന്ന താമരശേരി ചുങ്കം സ്വദേശിനി ഫാത്തിമ മിന്‍സിയ(20) യ്ക്കാണ് അപകടത്തില്‍ ജീവന് നഷ്ടമായത്. ചികില്‍സയിലിരുന്ന മിന്‍സിയ ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്. വാഹനം ഉടന്‍ കസ്റ്റഡിയിലെടുക്കും. ഒപ്പം യാത്ര ചെയ്ത സുഹൃത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.