തിരുവനന്തപുരം:അന്താരാഷ്ട്ര കായിക ഉച്ചകോടി മുന്നൊരുക്കപരിപാടികള്‍ 12-ന് തുടങ്ങുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. ഈ മാസം 23 മുതല്‍ 26 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബിലാണ് പരിപാടികള്‍ നടക്കുക.കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ടൂര്‍ ഡി കേരള സൈക്ലത്തോണും റോഡ് ഷോയുമാണ് പ്രധാന പരിപാടി. ഇത് 12-ന് കാസര്‍കോട്ടുനിന്നാരംഭിച്ച് 23-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. ‘ഒരൊറ്റ ലക്ഷ്യത്തിലേക്ക് കേരളം ഒരുമിച്ച്’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന കെ-വാക്ക് എന്ന മെഗാ വാക്കത്തോണ്‍ 22-നാണ്. കേരളത്തിന്റെ തനത് കായികരൂപങ്ങളെ ആസ്പദമാക്കി ഹൈബ്രിഡ് ക്യാമ്പയിനും സംഘടിപ്പിക്കുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍ കായിക ഉച്ചകോടി ജനുവരി 23-ന് ഉദ്ഘാടനം ചെയ്യും. കായിക കലാരൂപങ്ങള്‍ സമന്വയിക്കുന്ന സാംസ്സാരിക പ്രകടനവും ഉദ്ഘാടന ദിവസം അരങ്ങേറും. സ്പോര്‍ട്സ് പ്രമേയമാക്കി മ്യൂസിക് ബാന്‍ഡിന്റെ പ്രകടനവും ഉണ്ടാകും.
കായിക ഉച്ചകോടിയോടനുബന്ധിച്ചുള്ള വെബിനാര്‍ പരമ്പരയ്ക്ക് തുടക്കമായി. 15 ദിവസം നീളുന്ന ഓണ്‍ലൈന്‍ സെമിനാറുകള്‍ എല്ലാ ദിവസവും വൈകീട്ട് 7-നാണ് നടന്നുവരുന്നത്.
നരവധി പദ്ധതി നിര്‍ദ്ദേശങ്ങള്‍ ഉച്ചകോടിയില്‍ അവതരിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ കായികരംഗത്ത് സമാനതകളില്ലാത്ത ആഗോള പങ്കാളിത്തവും നിക്ഷേപവും അന്താരാഷ്ട്ര കായികസമ്മേളനം ലക്ഷ്യംവയ്ക്കുന്നു. കേരളത്തിന്റെ കായികമേഖലയില്‍ നിക്ഷേപം, പങ്കാളിത്തം, സഹകരണം, പിന്തുണ എന്നിവയ്ക്ക് താത്പര്യമുള്ള മുഴുവന്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും സംസ്ഥാനസര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നതായി മന്ത്രി പറഞ്ഞു.സംസ്ഥാനത്തിന്റെ പുതിയ കായിക നയം കാതലായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. കായിക മികവിന്റെ പാരമ്യത്തിലേക്ക് കേരളത്തെ എത്തിക്കുക, കായിക സമ്പദ്ഘടന വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സ്പോര്‍ട്സ് ഇക്കോണമി വികസിപ്പിക്കുന്നതിന് ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം സ്പോര്‍ട്സ് ഇക്കോണമി വികസിപ്പിക്കുന്നത്.എല്ലാ മേഖലകളുടെയും വിഭാഗങ്ങളുടെയും പങ്കാളിത്തം സ്പോര്‍ട്സിലേക്ക് കൊണ്ടുവരുന്നതിന് കേന്ദ്രീകൃത സ്വഭാവത്തില്‍ പദ്ധതി ആസൂത്രണം ചെയ്യും.
13 വിഷയങ്ങളിലായി 105 ദേശീയ, അന്തര്‍ദേശീയ വിദഗ്ധര്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സുകളും ഉച്ചകോടിയുടെ ഭാഗമായി നടക്കും. സ്പോര്‍ട്സ് ഇക്കോണമി, സ്പോര്‍ട്സ് ഇന്‍ഡസ്ട്രി, വെല്‍നെസ്, ലീഗുകളും വലിയ ചാമ്പ്യന്‍ഷിപ്പുകളും, ഗ്രാസ്റൂട്ട്സ് ഡെവലപ്മെന്റ് അക്കാദമികളും ഹൈ പെര്‍ഫോര്‍മന്‍സ് സെന്ററുകളും, ഇ സ്പോര്‍ട്സ്, സ്പോര്‍ട്സ് സയന്‍സ്, ടെക്നോളജി ആന്‍ഡ് എന്‍ജിനീയറിങ്, തദ്ദേശീയ കായികരൂപങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കോണ്‍ഫറന്‍സ് തീമുകള്‍.
റിസര്‍ച്ച് പേപ്പറുകളുടെ അവതരണം, സ്റ്റാര്‍ട്ടപ്പ് പിച്ച്, ഇന്‍വെസ്റ്റര്‍ കോണ്‍ക്ലേവ്, എക്സിബിഷന്‍, ബയര്‍ – സെല്ലര്‍ മീറ്റ്, ഇ സ്പോര്‍ട്സ് ഷോക്കേസ്, സ്പോര്‍ട്സ് കമ്യൂണിറ്റി നെറ്റ്വര്‍ക്കിങ്, സ്പോര്‍ട്സ് പ്രമേയമായ സിനിമകളുടെ
പ്രദര്‍ശനം, ഹെല്‍ത്തി ഫുഡ് ഫെസ്റ്റിവല്‍, മോട്ടോര്‍ ഷോ തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍.ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകള്‍, കായിക അസോസിയേഷനുകള്‍ എന്നിവ മാസ്റ്റര്‍ പ്ലാനുകള്‍ അവതരിപ്പിക്കും.
അന്താരാഷ്ട്ര കായിക ഉച്ചകോടി മുന്നൊരുക്കം 12-ന് തുടങ്ങും- മന്ത്രി വി. അബ്ദുറഹിമാന്‍