കൊച്ചി: മുവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് (38)ഒളിവില്‍ കഴിഞ്ഞത് കണ്ണൂര്‍ ബേരത്ത്.ഇവിടെയുള്ള ഒരു വാടക ക്വാര്‍ട്ടേഴ്സില്‍വെച്ച് ചൊവ്വാഴ്ച രാത്രിയാണ് എന്‍ഐഎ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 13 വര്‍ഷവും കണ്ണൂരിലായിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് വിവരം.
ഷാജഹാന്‍ എന്ന പേരിലായിരുന്നു പോലീസിനേയും കേന്ദ്ര അന്വേഷണ ഏജന്‍സികളേയും വെട്ടിച്ച് ഒളിവുജീവിതം. ഇവിടെ ആശാരി പണിയെടുത്ത് കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു സവാദ്.ഖദീജ എന്ന വ്യക്തിയുടെ പേരുള്ള ഒരു ക്വാര്‍ട്ടേഴ്സിലായിരുന്നു കഴിഞ്ഞ രണ്ടുവര്‍ഷമായി സവാദ് ഒളിവില്‍ കഴിഞ്ഞത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന സവാദ് എട്ട് വര്‍ഷം മുമ്പ് കാസര്‍കോടുനിന്ന് നിന്ന് വിവാഹവും കഴിച്ചിരുന്നു.
നാട്ടുകാരുമായി വലിയ അടുപ്പം പുലര്‍ത്തിയിരുന്നില്ല. ബേരത്ത് വരുന്നതിന് തൊട്ടുമുമ്പ് വിളക്കോടായിരുന്നു താമസമെന്നാണ് ഇയാള്‍ പറഞ്ഞതെന്ന് അയല്‍വാസികള്‍ പറഞ്ഞു.നാട്ടുകാരോട് നല്ല രീതിയിലായിരുന്ന ഇടപെടലെന്നും ചോദിച്ചതിന് മാത്രം മറുപടി പറയുന്ന പ്രകൃതമായിരുന്നെന്നും അയല്‍വാസികള്‍ പറഞ്ഞു. ഒരു എന്‍.ഡി.എഫ് പ്രവര്‍ത്തകനാണ് സവാദിന് ജോലി ശരിയാക്കി നല്‍കിയതെന്നും ഇവരാണ് സവാദിനൊപ്പം ജോലിചെയ്തിരുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
പ്രാര്‍ത്ഥന കഴിഞ്ഞ് പള്ളിയില്‍ നിന്ന് മടങ്ങിയ പ്രഫസര്‍ ടി.ജെ.തോമസിന്റെ കൈ 2010 ജൂലൈ നാലിന് വെട്ടിയ ശേഷം കടന്നു കളഞ്ഞ സവാദിനെ അന്നുമുതല്‍ ഇന്നുവരെ ആരും കണ്ടില്ല. ആയുധവും അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.വെട്ടിയ മഴുവുമായാണ് അന്ന് സവാദ് രക്ഷപ്പെട്ടത്. ഇതിനിടെ വിദേശത്തേക്ക് കടന്നെന്നും അഭ്യൂഹമുണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ പിടിയിലായ 31 പേരെ പ്രതി ചേര്‍ത്താണ് ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ 13 പേരെ ശിക്ഷിച്ചു. തുടര്‍ന്ന് പിടിയിലായ 11 പേരെ ഉള്‍പ്പെടുത്തി രണ്ടാം കുറ്റപത്രവും സമര്‍പ്പിച്ചു. ഇതില്‍ 6 പേരെയാണ് ശിക്ഷിച്ചത്. നിരന്തര നിരീക്ഷണത്തിനൊടുവിലാണ് എന്‍ഐഎ സവാദിനെ വലയിലാക്കിയത്.
മട്ടുന്നൂര്‍ പോലൊരു മേഖലയില്‍ ഇത്രയധികം കാലം ഒളിവില്‍ കഴിഞ്ഞിട്ടും കാസര്‍കോട്ടുനിന്ന് വിവാഹം ചെയ്തിട്ടും ഇയാളെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചില്ലെന്നത് വലിയ വീഴ്ചയാണ്. ആരും അറിയാതെ ഇത്രയധികം വര്‍ഷങ്ങള്‍ ഒളിവില്‍ കഴിയാന്‍ മറ്റാരുടെയെങ്കിലും സഹായം സവാദിന് ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇക്കാര്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചുവരുകയാണ്.
വ്യക്തമായ ആസൂത്രണത്തോടെ അതീവ രഹസ്യമായാണ് സവാദിനെ അറസ്റ്റുചെയ്യാന്‍ എന്‍ഐഎ സംഘം കണ്ണൂരിലെത്തിയത്. കഴിഞ്ഞ കുറച്ചുദിവങ്ങളായി എന്‍ഐഎ സംഘം കണ്ണൂര് ക്യാമ്പ് ചെയ്തിരുന്നു. സവാദിന്റെ താമസസ്ഥലവും നീക്കങ്ങളും വ്യക്തമായി നിരീക്ഷിച്ച ശേഷം ചൊവ്വാഴ്ച രാത്രി ക്വാര്‍ട്ടേഴ്സിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അറസ്റ്റ് സംബന്ധിച്ച വിവരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് മാത്രമാണ് എന്‍ഐഎ കൈമാറിയത്. ലോക്കല്‍ പോലീസിനെയോ സ്പെഷ്യല്‍ ബ്രാഞ്ചിനേയോ വിവരം അറിയിച്ചിരുന്നില്ല. അറസ്റ്റ് മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് ശേഷമാണ് ലോക്കല്‍ പോലീസ് പോലും വിവരം അറിയുന്നത്.
ഒന്നാംപ്രതിക്ക് പിടിവീഴുന്നത് വിധി വന്നശേഷം
കേസിലെ ഒന്നാം പ്രതിയായ സവാദ് അറസ്റ്റിലാകുന്നത് കേസിലെ മറ്റു പ്രതികള്‍ക്ക് കോടതി ശിക്ഷവിധിച്ചശേഷമാണ്. രണ്ട് ഘട്ടങ്ങളായി വിചാരണ നടപടികള്‍ പൂര്‍ത്തീകരിച്ചെങ്കിലും ഒന്നാം പ്രതിയെ കണ്ടെത്താന്‍ സാധിക്കാതിരുന്നത് അന്വേഷണ സംഘത്തിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു.
ചോദ്യപേപ്പറില്‍ മതനിന്ദ ആരോപിച്ച് 2010 ജൂലായിലാണ് പ്രതികള്‍ ടി.ജെ ജോസഫിനെ ക്രൂരമായി ആക്രമിച്ചത്. ടി.ജെ ജോസഫിന്റെ കൈപ്പത്തി മഴു ഉപയോഗിച്ച് വെട്ടിമാറ്റിയത് സവാദായിരുന്നു. ഇതിനുപിന്നാലെ ഒളിവില്‍പോയ സവാദിനെ കണ്ടെത്താന്‍ വിപുലമായ അന്വേഷണങ്ങള്‍ നടന്നു.