നോയിഡ: ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണുമരിച്ചു. നോയിഡയില്‍ നിന്നുള്ള വികാസ് നേഗി എന്ന മുപ്പത്തിനാലുകാരനാണ് ക്രിക്കറ്റ് കളിക്കുന്നതിനിടെ മരിച്ചത്.പരിശോധനയില്‍ ഹൃദയാഘാതമാണ് കാരണമെന്ന് കണ്ടെത്തി.
എഞ്ചിനീയറായ യുവാവാണ് ക്രിക്കറ്റ് മൈതാനത്തു കുഴഞ്ഞുവീണു മരിച്ചത്. കളിക്കിടെ റണ്ണെടുക്കാന്‍ ് ഓടുന്നതിനിടെ പാതിവഴിയില്‍ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ മറ്റു കളിക്കാര്‍ ചേര്‍ന്ന് സി.പി.ആര്‍. നല്‍കുകയും തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും മരിച്ചതായി ഡോക്ടര്‍ അറിയിച്ചു.
പോസ്റ്റ്‌മോര്‍ട്ടത്തിനൊടുവിലാണ് മരണകാരണം ഹൃദയാഘാതമാണെന്ന് വ്യക്തമായത്. മുമ്പ് കോവിഡ് ബാധിച്ചിട്ടുള്ള വികാസിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ക്രിക്കറ്റ് സ്ഥിരമായി കളിച്ചിരുന്നയാളാണ് വികാസ് എന്ന് സുഹൃത്തുക്കളും പറയുന്നു.
യുവാക്കള്‍ക്കിടയിലെ ഹൃദയാഘാതനിരക്ക് വര്‍ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ മാത്രം ഹൃദ്രോഗ സംബന്ധമായ രോഗങ്ങള്‍ കാരണം മരണപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് അടുത്തിടെ സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഹൃദയാഘാത മരണങ്ങള്‍ മൂന്നുവര്‍ഷം കൊണ്ട് കുത്തനെ ഉയര്‍ന്നുവെന്നാണ് കണക്കുകളിലുള്ളത്. 2020-ല്‍ 28,759 2021-ല്‍ 28,413 2022-ല്‍ 32,457 എന്നിങ്ങനെയാണ് കണക്കുകള്‍. നിരന്തരം ചെക്കപ്പുകള്‍ നടത്തുകയും ഹൃദയാരോഗ്യം പരിശോധിക്കുകയും ചെയ്യണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പ്രായമായവരില്‍ മാത്രം കണ്ടിരുന്ന ഹൃദയാഘാതമരണങ്ങള്‍ ഇന്ന് മുപ്പതുകളിലും നാല്‍പതുകളിലും സാധാരണമാവുകയും ചെയ്തു. വ്യായാമത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുകയും ആരോഗ്യകരമായ ഭക്ഷണശീലം പാലിക്കുകയും മതിയായ ഉറക്കം ലഭ്യമാക്കുകയും പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.
ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം;
മുപ്പത്തിനാലുകാരന് ദാരുണാന്ത്യം