എടക്കര: നീലഗിരിയിലെ പന്തലൂര്‍ മേങ്കോറഞ്ച് തേയിലത്തോട്ടത്തില്‍ മൂന്നു വയസ്സുകാരിയെ കൊന്ന പുലിയെ മയക്കുവെടിവച്ച് പിടികൂടി. ഇന്നു രാവിലെയാണ് പുലിയെ കണ്ടത്. തുടര്‍ന്ന് തമിഴ്‌നാട് വനംവകുപ്പ് രണ്ടു ഡോസ് മയക്കുവെടിവച്ചാണ് പുലിയെ പിടികൂടിയത്. കൂട്ടിലാക്കിയ പുലിയെ ഉടന്‍ മുതുമല വന്യജീവി സങ്കേതത്തിലേക്ക് മാറ്റും.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ പുലി ആറുപേരെ ആക്രമിച്ചിരുന്നു. ഇതില്‍ ഇന്നലെ കൊല്ല്പപെട്ട കുട്ടിയും ഒരു വീട്ടമമ്മയും ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി.പുലിയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. നാടുകാണി, ഗൂഡല്ലൂര്‍, ദേവാല, പന്തല്ലൂര്‍ ഉള്‍പ്പെടെയുള്ള ടൗണുകളിലാണ് റോഡ് ഉപരോധിച്ചത്. ഞായറാഴ്ച പന്തല്ലൂര്‍ താലൂക്കില്‍ ഹര്‍ത്താലും പ്രഖ്യാപിച്ചിരുന്നു.
തേയിലത്തോട്ടത്തിലെ തൊഴിലാളികളായ ശിവശങ്കര്‍ ഗുരുവയുടെയും മിലന്ദി ദേവിയുടെയും മകളായ നാന്‍സി ആണു കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം അങ്കണവാടിയില്‍നിന്ന് അമ്മയ്ക്കൊപ്പം വീട്ടിലേക്കു മടങ്ങുമ്പോഴാണു കുഞ്ഞിനെ പുലി കടിച്ചുകൊണ്ടുപോയത്. അമ്മയുടെ കരച്ചില്‍ കേട്ട് എത്തിയ തൊഴിലാളികളും വനംവകുപ്പ് ജീവനക്കാരും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ കുട്ടിയെ ഗുരുതര പരുക്കേറ്റ നിലയില്‍ കണ്ടെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സമീപപ്രദേശമായ സേവിയര്‍മട്ടത്തു വീടിനടുത്തു കളിച്ചുകൊണ്ടിരുന്ന 4 വയസ്സുകാരിയെ വെള്ളിയാഴ്ച പുലി ആക്രമിച്ചിരുന്നു. അന്ന് അമ്മയുടെ കരച്ചില്‍ കേട്ടു പുലി ഓടിപ്പോവുകയായിരുന്നു. കുട്ടിക്കു പരുക്കേറ്റിരുന്നു. രണ്ടാഴ്ച മുന്‍പു എലമണ്ണ ആദിവാസി ഊരിലെ 3 സ്ത്രീകളെയും പുലി ആക്രമിച്ചിരുന്നു. ഗുരുതര പരുക്കേറ്റ ഒരു യുവതി ചികിത്സയ്ക്കിടെ മരിച്ചു. പുലിയെ മയക്കുവെടിവച്ചു പിടികൂടാനുള്ള ശ്രമം തുടരുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്.