വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ പിതാവിനു കുത്തേറ്റു; കുത്തിയത് കേസില്‍ പ്രതിയായിരുന്ന അര്‍ജുവിന്റെ ബന്ധു

വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ പിതാവിനു കുത്തേറ്റു; കുത്തിയത് കേസില്‍ പ്രതിയായിരുന്ന അര്‍ജുവിന്റെ ബന്ധു

ഇടുക്കി: വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറു വയസ്സുകാരിയുടെ പിതാവിന് കുത്തേറ്റു. കേസില്‍ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതി വെറുതെവിട്ട പ്രതി അര്‍ജുന്‍ സുന്ദറിന്റെ ബന്ധുവാണ് കുത്തിയത്. വണ്ടിപ്പെരിയാര്‍ ടൗണില്‍വച്ചാണ് കുത്തേറ്റത്. പെണ്‍കുട്ടിയുടെ പിതാവിനെ വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കു ഗുരുതരമല്ലെന്നാണ് വിവരം.

ഇന്നു രാവിലെ 11 മണിയോടെ വണ്ടിപ്പെരിയാര്‍ ടൗണില്‍ സത്രം ജങ്ഷനിലായിരുന്നു സംഭവം. അര്‍ജുന്റെ ബന്ധുവായ പാല്‍രാജും കുട്ടിയുടെ പിതാവും തമ്മില്‍ ടൗണില്‍ വച്ചുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലും കത്തിക്കുത്തിലും കലാശിച്ചത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പുറത്തും വയറിലുമാണ് കുത്തേറ്റത്. പ്രതി പാല്‍രാജിനെ വണ്ടിപ്പെരിയാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന അര്‍ജുനെ കോടതി കുറ്റവിമുക്തനാക്കിയതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കളും അര്‍ജുന്റെ ബന്ധുക്കളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. അര്‍ജുന്റെ ബന്ധുക്കള്‍ ഇതിനിടെ പൊലീസ് സംരക്ഷണം തേടിയതും വാര്‍ത്തയായിരുന്നു. ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് പാല്‍രാജ് ഉള്‍പ്പെടെയുള്ള അര്‍ജുന്റെ ബന്ധുക്കള്‍ക്കു വീടുകളില്‍നിന്ന് മാറിത്താമസിക്കേണ്ടിയും വന്നിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മില്‍ ടൗണില്‍വച്ച് തര്‍ക്കമുണ്ടായത്.

ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി അര്‍ജുന്‍ സുന്ദറിനെ (24) വിചാരണക്കോടതി വിട്ടയച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി പ്രതിക്കു നോട്ടിസ് അയയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അപ്പീല്‍ ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റിസ് ജോണ്‍സണ്‍ ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് 29നു പരിഗണിക്കാന്‍ മാറ്റുകയും ചെയ്തു. പ്രതിയെ വിട്ടയച്ച കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ഉത്തരവ് റദ്ദാക്കി ശിക്ഷിക്കണം എന്നാണ് അപ്പീലിലെ ആവശ്യം.

 

വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ പിതാവിനു കുത്തേറ്റു; കുത്തിയത് കേസില്‍ പ്രതിയായിരുന്ന അര്‍ജുവിന്റെ ബന്ധു

Share

Leave a Reply

Your email address will not be published. Required fields are marked *