ബംഗളൂരു: രാജ്യത്തിന്റെ പ്രഥമ സൗരപര്യവേഷണ ദൗത്യമായ ആദിത്യ-എല്‍ 1 നീണ്ട നാലു മാസത്തെ യാത്രയ്ക്ക് ശേഷം ലക്ഷ്യസ്ഥാനത്തേക്ക്. പേടകം ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ലഗ്രാഞ്ച് പോയിന്റിന്(എല്‍ 1) ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തി. അഞ്ചു വര്‍ഷമാണ് ദൗത്യകാലാവധി.
പേടകത്തിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തില്‍ 440 ന്യൂട്ടണ്‍ ലിക്വിഡ് അപ്പോജി മോട്ടോര്‍ (എല്‍.എ.എം) എന്‍ജിനും എട്ട് 22 ന്യൂട്ടണ്‍ ത്രസ്റ്ററുകളുമാണുള്ളത്. ഇവ ജ്വലിപ്പിച്ചാണ് പേടകത്തെ ഭ്രമണപഥത്തിലേക്കെത്തിച്ചത്. സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനങ്ങള്‍, പ്രഭാമണ്ഡലം, വര്‍ണമണ്ഡലം, കൊറോണ തുടങ്ങിയ പാളികള്‍, ബഹിരാകാശ കാലാവസ്ഥാ വ്യതിയാനങ്ങള്‍ എന്നിവയെ കുറിച്ചുള്ള പഠനം ലക്ഷ്യമാക്കി 2023 സെപ്റ്റംബര്‍ രണ്ടിനാണ് രാജ്യത്തിന്റെ പ്രഥമ സൗരദൗത്യമായി ആദിത്യ എല്‍-1 വിക്ഷേപിച്ചത്. സെപ്റ്റംബര്‍ 19 നാണ് പേടകം ഭൂമിയെ ചുറ്റുന്ന ഭ്രമണപഥം വിട്ട് ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങിയത്.
125 ദിവസം നീണ്ട യാത്രയ്‌ക്കൊടുവിലാണ് പേടകം ലക്ഷ്യസ്ഥാനത്ത് എത്തിയത്. ഏകദേശം 37 ലക്ഷം കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചായിരുന്നു ഈ യാത്ര. സൗരപഠനമാണ് പ്രധാനലക്ഷ്യമെങ്കിലും സൗരയൂഥത്തേക്കുറിച്ചുള്ള സങ്കീര്‍ണമായ വിവരങ്ങളുടെ അനാവരണവും ആദിത്യയിലൂടെ സാധ്യമായേക്കുമെന്ന പ്രതീക്ഷ ഇസ്രോ പങ്കുവെച്ചിരുന്നു. പേടകത്തിലുള്ള ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ഏഴു പേലോഡുകളില്‍ നാലെണ്ണം സൂര്യനെക്കുറിച്ചും മൂന്നെണ്ണം എല്‍ 1 പോയിന്റിനെക്കുറിച്ചും പഠിക്കും.