കോഴിക്കോട്: ഭാവ വിചാരശില്‍പ തലങ്ങളില്‍ തങ്ങളുടെ സ്വരം വേറിട്ടു കേള്‍പ്പിച്ച മലയാളത്തിലെ നാല്പത് സാഹിത്യകാരന്മാരുടെ സംഭാഷണങ്ങള്‍ സമാഹരിച്ച് ഡോ.ആര്‍സു രചിച്ച അക്ഷരങ്ങളെ നക്ഷത്രങ്ങളാക്കിയവര്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു. ജ്ഞാന പീഠം,സരസ്വതി സമ്മാന്‍, ഭാരതീയ ഭാഷാ പരിഷത്ത്, ജോഷ്വാ ഫൗണ്ടേഷന്‍, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടി മലയാളത്തിന്റെ യശസ്സുയര്‍ത്തിയ എഴുത്തുകാരുമായുള്ള കൂടികാഴ്ചകള്‍ ഈ റഫറന്‍സ് ഗ്രന്ഥത്തിന്റെ പ്രത്യേകതയാണ്.
ഭാഷാസമന്വയ വേദിയും ട്രെന്റ് ബുക്‌സും ചേര്‍ന്ന് സംഘടിപ്പിച്ച ചടങ്ങില്‍ പ്രൊഫ.പി.ജയേന്ദ്രന്‍ പുസ്തകം പപ്രകാശനം ചെയ്തു. അനീസ് ബഷീര്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. കോഴിക്കോടിന് യുനസ്‌കോ സാഹിത്യ നഗരമെന്ന ബഹുമതി നല്‍കി ആദരിച്ച സന്ദര്‍ഭത്തില്‍ ഇതൊരമൊരു പുസ്തകം ലഭിക്കുന്നത് സാഹിത്യ പ്രേമികള്‍ക്ക് വലിയ നേട്ടമാണന്നും ഡോ. ആര്‍സുവിന്റെ സാഹിത്യ സാധനയുടെ സദ് പരിണാമമാണ് ഈ ഗ്രന്ഥമെന്നും പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് പ്രൊഫ.പി. ജയേന്ദ്രന്‍ പറഞ്ഞു. ചടങ്ങില്‍ ഡോ. പി.കെ.രാധാമണി അധ്യക്ഷയായിരുന്നു. താജ് മന്‍സൂര്‍ പുസ്തക പരിചയം നടത്തി. ഡോ.ആര്‍സു രചനാനുഭവം പങ്കുവെച്ചു. യുഗസ്രഷ്ടാക്കളായ എഴുത്തുകാരുടെ മുന്നിലിരിക്കാനും അവരുടെ അമൃത വചനങ്ങള്‍ കേട്ട് പിറകെ വരുന്ന തലമുറയ്ക്ക് അവ കൈമാറാനും സാധിച്ച നിമിഷം ധന്യമാണന്ന് മറുപടി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ഇതോടനുബന്ധിച്ച് മലയാളത്തിലെ സംഭാഷണ സാഹിത്യം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സതീഷ് കെ.സതീഷ് വിഷയമവതരിപ്പിച്ചു. മലയാളത്തില്‍ പ്രൗഢമായ സാഹിത്യ സംഭാഷണങ്ങള്‍ ലഭ്യമാണെങ്കിലും ഇന്റര്‍വ്യു സാഹിത്യശാഖയ്ക്ക് വേണ്ട പരിഗണന ലഭിച്ചിട്ടില്ലന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു. കെ.പി.സുധീര കെ.ജി.രഘുനാഥ്, തിക്കോടി നാരായണന്‍, ഡോ.സി.സേതുമാധവന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ടി.പി.ചെറുപ്പ ഡോ.ആര്‍ സുവിന് ഉപഹാരം നല്‍കി. കെ.കെ.സദാനന്ദന്‍ പൊന്നാട അണിയിച്ചു. സോ.ഒ.വാസവന്‍ സ്വാഗതവും മുഷ്താഖ് ടി.പി നന്ദിയും രേഖപ്പെടുത്തി.