വിമാന ഇന്ധന വിലയില്‍ കുറവ് വന്നതോടെ ടിക്കറ്റുകളില്‍ ഈടാക്കിയിരുന്ന സര്‍ചാര്‍ജ് നീക്കം ചെയ്യാന്‍ കമ്പനികള്‍. രാജ്യത്തെ പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോയാണ് സര്‍ചാര്‍ജ് നീക്കിയതായി ആദ്യം പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി നാല് മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
രാജ്യത്തെ മറ്റ് മുന്‍നിര വിമാന കമ്പനികളും വരും ദിവസങ്ങളില്‍ സര്‍ചാര്‍ജ് ഒഴിവാക്കുമെന്നാണ് കരുതുന്നത്. പ്രവാസികളടക്കമുള്ള യാത്രാക്കാര്‍ക്ക് ആശ്വാസം പകരുന്നതാണ് ഈ നീക്കം. രാജ്യാന്തര, ആഭ്യന്തര സര്‍വീസുകളിലെ ടിക്കറ്റ് നിരക്കില്‍ ഇതോടെ 300 രൂപ മുതല്‍ 1,000 രൂപ വരെ കുറവു വന്നേക്കും.
ഇന്ധനവിലയില്‍ 14% കുറവ്
വിമാന ഇന്ധന വിലയില്‍ തുടര്‍ച്ചയായി വില വര്‍ധനയുണ്ടായതോടെ കഴിഞ്ഞ ഒക്ടോബറിലാണ് ഇന്‍ഡിഗോ സര്‍ചാര്‍ജ് ഈടാക്കി തുടങ്ങിയത്. വിമാനക്കമ്പനികളുടെ പ്രവര്‍ത്തന ചെലവിന്റെ മുഖ്യപങ്കും പോകുന്നത് ഇന്ധന വിലയായാണ്. കഴിഞ്ഞ ഒക്ടോബറിനു ശേഷം ഇതു വരെ വിമാന ഇന്ധനവിലയില്‍ 14 ശതമാനത്തിലധികം കുറവുണ്ടായിട്ടുണ്ട്. അതാണ് വിമാനക്കമ്പനികള്‍ സര്‍ചാര്‍ജ് നീക്കാന്‍ കാരണം.
വര്‍ധിച്ചത് 1,000 രൂപ വരെ
500 കിലോമീറ്റര്‍ വരെയുള്ള യാത്രയുടെ ടിക്കറ്റിന് 300 രൂപയും 1,001 മുതല്‍ 1,500 കിലോമീറ്റര്‍ വരെ 550 രൂപയും 1,501-2,500 കിലോമീറ്ററിന് 650 രൂപയും 2,501 മുതല്‍ 3,500 കിലോമീറ്റര്‍ വരെയുള്ള ദൂരത്തിന് 800 രൂപയും 3,501 കിലോമീറ്ററില്‍ കൂടുതലുള്ള യാത്രകള്‍ക്ക് 1000 രൂപയുമായിരുന്നു ഇന്‍ഡിഗോ സര്‍ചാര്‍ജ് ഈടാക്കിയത്.