മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളി, കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണമെന്നുംമസ്ജിദ് പൊളിക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി. അലഹബാദ് ഹൈക്കോടതിയുടെ കഴിഞ്ഞ ഒക്ടോബറിലെ ഉത്തരവിനെതിരെയുള്ള അപ്പീലാണ് സുപ്രീംകോടതി തള്ളിയത്.
അലഹബാദ് ഹൈക്കോടതി പൊതുതാത്പര്യ ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് , അഭിഭാഷകനായ മഹേക് മഹേശ്വരി സമര്‍പ്പിച്ച പ്രത്യേക അനുമതി ഹര്‍ജിയില്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇസ്ലാമില്‍ പള്ളി അനിവാര്യമല്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.ഷാഹി ഈദ്ഗാഹിനെ ഹിന്ദു ദൈവമായ കൃഷ്ണന്റെ യഥാര്‍ത്ഥ ജന്മസ്ഥലമായി അംഗീകരിക്കണമെന്നും ട്രസ്റ്റ് സ്ഥാപിക്കാന്‍ ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്നുമായിരുന്നു ഹര്‍ജി.
1968-ല്‍, ക്ഷേത്ര മാനേജ്മെന്റ് അതോറിറ്റിയായ ശ്രീകൃഷ്ണ ജന്മസ്ഥാന്‍ സേവാ സന്‍സ്ഥാനും ട്രസ്റ്റ് ഷാഹി മസ്ജിദ് ഈദ്ഗാഹും തമ്മില്‍ ‘ഒരു ഒത്തുതീര്‍പ്പ് കരാര്‍’ ഉണ്ടായിരുന്നു. ഇരു ആരാധനാലയങ്ങളും ഒരേസമയം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതായിരുന്നു ഈ കരാര്‍
ഒരേ വിഷയത്തില്‍ നിരവധി സിവില്‍ സ്യൂട്ടുകള്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ഉള്ളതിനാല്‍ പൊതുതാല്‍പര്യ ഹര്‍ജി ആവശ്യമില്ലെന്ന് ജസ്റ്റിസ് ഖന്ന പറഞ്ഞു. പൊതുതാത്പര്യ ഹര്‍ജിയല്ലാതെ മറ്റൊരു അപേക്ഷ വേണമെങ്കില്‍ ഹര്‍ജിക്കാരന് സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി. ഇതേ കേസുമായി ബന്ധപ്പെട്ട്, പള്ളിയില്‍ പരിശോധന നടത്താന്‍ കോടതി കമ്മീഷണറെ നിയമിക്കണമെന്ന അപേക്ഷ അനുവദിച്ച അലഹബാദ് ഹൈക്കോടതിയുടെ ഡിസംബര്‍ 14-ലെ ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
നിലവില്‍ കേസിലെ എല്ലാ ഹര്‍ജികളും അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഷാഹി ഈദ്ഗാഹ് മസ്ജിദ് പരിസരം ശാസ്ത്രീയമായി സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ശ്രീകൃഷ്ണ ജന്മഭൂമി മുക്തി നിര്‍മാണ്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജി സെപ്റ്റംബറില്‍ സുപ്രീംകോടതി നിരസിച്ചതാണ്.