ഈ മാസം 15-ന് ശേഷം ബി.ജെ.പി. സ്ഥാനാര്‍ഥി പ്രഖ്യാപനം

ഈ മാസം 15-ന് ശേഷം ബി.ജെ.പി. സ്ഥാനാര്‍ഥി പ്രഖ്യാപനം

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി. സ്ഥാനാര്‍ഥിപ്രഖ്യാപനം ഈ മാസം 15ന് ശേഷം തുടങ്ങും.തിരഞ്ഞെടുപ്പുകമ്മിഷന്‍ തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ബി.ജെ.പി.

400 സീറ്റ് ലക്ഷ്യമിട്ട് ‘തീസരി ബാര്‍ മോദി സര്‍ക്കാര്‍, അബ് കി ബാര്‍ 400 പാര്‍’ എന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം. കേന്ദ്രമന്ത്രിമാരടക്കമുള്ളവരെ തിരഞ്ഞെടുപ്പ് മത്സരത്തിനിറക്കാനാണ് പദ്ധതി.ഛത്തീസ്ഗഢിലും രാജസ്ഥാനിലും മധ്യപ്രദേശിലും പ്രയോഗിച്ച വിജയിച്ച തന്ത്രങ്ങള്‍ ലോക്‌സഭാതിരഞ്ഞെടുപ്പിലും പ്രയോഗിക്കും. ഉള്‍പ്പാര്‍ട്ടിപ്രശ്നങ്ങള്‍, ഭരണവിരുദ്ധവികാരം, പ്രാദേശികപ്രശ്നങ്ങള്‍, സിറ്റിങ് എം.പി.മാര്‍ക്കെതിരേയുള്ള വികാരം എന്നിവ നേരിടുന്ന സംസ്ഥാനങ്ങളില്‍ പുതുമുഖങ്ങള്‍ക്ക് മുന്‍ഗണനനല്‍കും. രണ്ടില്‍ക്കൂടുതല്‍ തവണ എം.പി.യായവര്‍, പ്രകടനം മികച്ചതല്ലാത്തവര്‍ തുടങ്ങിയവരെയും ഒഴിവാക്കും.

കേന്ദ്രമന്ത്രിമാരും രാജ്യസഭാംഗങ്ങളുമായ നിര്‍മലാ സീതാരാമന്‍, ഹര്‍ദീപ് സിങ്പുരി, എസ്. ജയ്ശങ്കര്‍, വി. മുരളീധരന്‍ തുടങ്ങിയവരുടെ പേരുകള്‍ പരിഗണനയിലുണ്ട്. സ്ത്രീകള്‍, യുവാക്കള്‍ എന്നിവര്‍ക്ക് പ്രാമുഖ്യം നല്‍കാനും തീരുമാനമുണ്ട്.ഇക്കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പുകളില്‍ സ്ത്രീകളും യുവാക്കളും കാര്യമായി പിന്തുണച്ചെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. വനിതാസംവരണനിയമം, വനിതകള്‍ക്കുള്ള ക്ഷേമപദ്ധതികള്‍, മുത്തലാഖ് നിരോധനം തുടങ്ങിയ നടപടികള്‍ സ്ത്രീവോട്ടര്‍മാരെ സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍. സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍, പാവപ്പെട്ടവര്‍ എന്നിവരെ പ്രത്യേകം പരിഗണിക്കണമെന്ന് കഴിഞ്ഞയാഴ്ച ചേര്‍ന്ന പാര്‍ട്ടി ദേശീയ ഭാരവാഹികളുടെ യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു.

ദക്ഷിണേന്ത്യയില്‍ പ്രധാനമന്ത്രി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. നരേന്ദ്രമോദിയുടെ മണ്ഡലമായ വരാണസി കൂടാതെ തമിഴ്‌നാട്ടിലെ ഒരു മണ്ഡലത്തില്‍നിന്നുകൂടി മത്സരിച്ചേക്കുമെന്നാണ് പാര്‍ട്ടി നല്‍കുന്ന സൂചന. കാശിയുമായി (വാരാണസി) പൗരാണികബന്ധം സൂക്ഷിക്കുന്ന രാമേശ്വരം ഉള്‍പ്പെടുന്ന രാമനാഥപുരം, കേരളവുമായി അതിര്‍ത്തിപങ്കിടുന്ന കന്യാകുമാരി എന്നീ മണ്ഡലങ്ങളാണ് ചര്‍ച്ചയിലുള്ളത്. മോദിയുടെ സ്ഥാനാര്‍ഥിത്വം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാണെന്ന് ബി.ജെ.പി. തമിഴ്‌നാട് സംസ്ഥാനഘടകം അധ്യക്ഷന്‍ കെ. അണ്ണാമലൈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 

 

 

 

ഈ മാസം 15-ന് ശേഷം ബി.ജെ.പി. സ്ഥാനാര്‍ഥി പ്രഖ്യാപനം

 

Share

Leave a Reply

Your email address will not be published. Required fields are marked *