സംസ്ഥാനങ്ങള്‍ ക്ഷേമ പദ്ധതികള്‍ വാരിക്കോരി നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരായാലും, സംസ്ഥാന സര്‍ക്കാരായാലും ക്ഷേമ പദ്ധതികള്‍ ജനങ്ങള്‍ക്കല്ലാതെ ആര്‍ക്കാണ് പിന്നെ നല്‍കേണ്ടത്. രാജ്യത്തെ ചെറു ന്യൂനപക്ഷമായ സമ്പന്നര്‍ക്കിത് ആവശ്യമില്ലായിരിക്കാം. എന്നാല്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന ദരിദ്രനാരായണന്മാര്‍ ഇപ്പോഴും നമ്മുടെ രാജ്യത്തുണ്ട്. അവര്‍ക്ക് സഹായഹസ്തമെത്തിക്കുക എന്നത് തന്നെയാണ് ഓരോ ഗവണ്‍മെന്റുകളുടെയും ഉത്തരവാദിത്തം, സമൂഹം സര്‍ക്കാരുകളില്‍ നിന്ന് പ്രതീക്ഷിക്കുന്നതും അത് തന്നെയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കാലത്ത് പുറപ്പെടുവിക്കുന്ന തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഇതെല്ലാം പ്രഖ്യാപിക്കാറുണ്ട്. അതെല്ലാം വിലയിരുത്തി, ജനക്ഷേമകരമായ പദ്ധതികള്‍ ആര് നടപ്പിലാക്കുമെന്ന് വിലയിരുത്തിയാണ് ജനങ്ങള്‍ അവരുടെ സമ്മതിദാനവകാശം വിനിയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് ഒന്നും നല്‍കാതെ ജനങ്ങള്‍ വോട്ടു ചെയ്‌തോളുമെന്ന കാലമൊക്കെ പോയി കഴിഞ്ഞു. ഡിജിറ്റല്‍ യുഗത്തില്‍ രാജ്യത്ത് ഏത് സംസ്ഥാനത്ത് എന്ത് നടന്നാലും അത് ജനങ്ങള്‍ മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്. പെട്രോളിനും, ഡീസലിനും, നിത്യോപയോഗ സാധനങ്ങള്‍ക്കും വില കൂട്ടുമ്പോള്‍ അതിന് കാരണക്കാരായവരെ തിരിച്ചറിയാനും ജനങ്ങള്‍ക്ക് സാധിക്കും. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് ക്ഷേമം ഉറപ്പുവരുത്താന്‍ തയ്യാറല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളെ ജനങ്ങള്‍ പടിക്ക് പുറത്ത് നിര്‍ത്തുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഭയമുണ്ട്. സൗജന്യ യാത്ര, വീട്ടമ്മമാര്‍ക്ക് പ്രതിമാസം പെന്‍ഷന്‍ എന്നീ പദ്ധതികള്‍ ജനക്ഷേമകരം തന്നെയാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നതും ഇതൊക്കെതന്നെയാണ്. 2022ലെ കണക്കനുസരിച്ച് ദേശീയ വരുമാനത്തിന്റെ 22 ശതമാനം കേവലം ഒരു ശതമാനം വ്യക്തികളുടെ കൈകളിലാണ്. 134 ദശലക്ഷം പേര്‍ ദരിദ്രരാണെന്നാണ് പ്യൂറി സര്‍ച്ച് സെന്റര്‍ പറയുന്നത്.
എല്ലാവര്‍ക്കും തുല്യ നീതി വിഭാവനം ചെയ്യുന്ന ഭരണഘടനയുള്ള നമ്മുടെ രാജ്യത്ത് സാമ്പത്തിക രംഗത്ത് ഇത്രയും വലിയ അന്തരം എങ്ങനെ ഉണ്ടായി എന്നതും പരിശോധിക്കേണ്ടിയിരിക്കുന്നു. സുപ്രീം കോടതി ദാരിദ്ര്യ നിര്‍മാര്‍ജ്ജനം നടത്തേണ്ടത് മൗലികാവകാശമാണെന്ന് വ്യക്തമാക്കുമ്പോള്‍, ജനങ്ങളുടെ ദാരിദ്ര്യമകറ്റുവാന്‍ ക്ഷേമ പദ്ധതികളല്ലാതെ മറ്റെന്ത് മാര്‍ഗമാണുള്ളത്. കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുമ്പോള്‍ സംസ്ഥാനങ്ങള്‍ കടക്കെണിയിലാവുമെന്നാണ്. പാവങ്ങള്‍ക്ക് ക്ഷേമ പദ്ധതികള്‍ നല്‍കുമ്പോള്‍ തടസ്സം ഉയര്‍ന്നുവരുന്ന നമ്മുടെ രാജ്യത്താണ് കോര്‍പ്പറേറ്റുകള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നത് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലംകൊണ്ട് കേര്‍പറേറ്റുകളുടെ 10.57 കോടി രൂപയാണ് നമ്മുടെ ബാങ്കുകള്‍ എഴുതിതള്ളിയത്. 2.84 കോടിയാണ് കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കിയത്. ജനങ്ങള്‍ക്ക് സര്‍ക്കാരുകള്‍ എന്ത് നല്‍കിയാലും അത് നമ്മുടെ രാജ്യത്ത് തന്നെ പ്രതിഫലിക്കും. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഇളവ് നല്‍കിയാല്‍ അത് എങ്ങനെയാണ് രാജ്യത്തിന് ഗുണമാവുക എന്നത് ബന്ധപ്പെട്ടവര്‍ വിശദീകരിക്കേണ്ടതാണ്.
ജനക്ഷേമ പദ്ധതികളെ സൗജന്യങ്ങളെന്നു മുദ്രകുത്തി ഇല്ലാതാക്കുന്ന പ്രവണതകളാണ് വളര്‍ന്നു വരുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, കാര്‍ഷിക രംഗം ഉള്‍പ്പെടെയുള്ളവയില്‍ സര്‍ക്കാര്‍ കൂടുതല്‍ മൂലധനമിറക്കി ജനക്ഷേമം ഉറപ്പു വരുത്തുകയാണ് വേണ്ടത്. ജനക്ഷേമ പദ്ധതികളില്ലാതെയും, നടപ്പാക്കാതെയും വരും കാലങ്ങളില്‍ ആര്‍ക്കും മുന്നോട്ട് പോകാനാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം.