വീസ ഇല്ലാതെ ഇനി ഇറാനിലെത്താം. ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും ഉള്‍പ്പെടെ 33 രാജ്യക്കാര്‍ക്കുകൂടി വീസ ചട്ടങ്ങളില്‍ ഇളവ് വരുത്തി ഇറാന്‍. ഇതോടെ ആകെ 45 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഇറാനിലേക്ക് വീസ ഇല്ലാതെ എത്താം. ടൂറിസത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ്ടിസ്ഥാനത്തിലാണ് ഇതെന്നും ലോകത്തിനു മുന്‍പില്‍ രാജ്യത്തിന്റെ വാതായനങ്ങള്‍ തുറന്നിടാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ഇറാനിലെ വിനോദസഞ്ചാര – സാംസ്‌കാരിക – കരകൗശല മന്ത്രി ഇസത്തൊള്ള സര്‍ഗാമി പറഞ്ഞു.ഇന്ത്യയ്‌ക്കൊപ്പം സൗദി അറേബ്യ, ഖത്തര്‍, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും റഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇറാന്‍ സന്ദര്‍ശിക്കുന്നതിന് ഇനി വീസ ആവശ്യമില്ല. അതോടെ ഈ രാജ്യങ്ങളില്‍ നിന്നും ധാരാളം സന്ദര്‍ശകരെ ഇറാന്‍ പ്രതീക്ഷിക്കുന്നു.
പാശ്ചാത്യ രാജ്യങ്ങളുടെ ‘ഇറാനോഫോബിയ’ അകറ്റാന്‍ ലക്ഷ്യമിട്ടാണ് ഇറാന്‍ സര്‍ക്കാരിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൂടുതല്‍ സന്ദര്‍ശകരെ രാജ്യത്തേക്കു കൊണ്ടു വരുന്നതിന് ഇത് വഴിയൊരുക്കും.
ഇന്ത്യയും ഇറാനും പല കാര്യങ്ങളിലും അടുത്ത ബന്ധമുള്ളവരാണ്. ചാബഹാര്‍ തുറമുഖ പദ്ധതിയുടെ പ്രധാന പങ്കാളിയാണ് ഇന്ത്യ. കൂടാതെ, ബ്രിക്‌സിലേക്കുള്ള ഇറാന്റെ പ്രവേശനത്തിന് കഴിഞ്ഞ ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബര്‍ഗില്‍ നടന്ന ഉച്ചകോടിയില്‍ ഇന്ത്യ അനുകൂല തീരുമാനം എടുത്തിരുന്നു. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ഇറാന്‍ ഔദ്യോഗികമായി ബ്രിക്‌സില്‍ അംഗമായി. ബ്രിക്‌സിലേക്കുള്ള പ്രവേശനത്തിന് മുന്നോടിയായിട്ടായിരുന്നു വീസ ചട്ടങ്ങളിലെ ഇളവ്.മലേഷ്യ, തായ്‌ലന്‍ഡ്, ശ്രീലങ്ക ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കു വീസയില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.