മൊബൈല്‍ ആപ്പിലൂടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാം
കുവൈത്തില്‍ വാഹന സംബന്ധമായ സേവനങ്ങള്‍ ഇനി കൂടുതല്‍ എളുപ്പമാകും. ഗതാഗത വകുപ്പ് ഓഫീസ് സന്ദര്‍ശിക്കാതെ തന്നെ പൗരന്മാര്‍ക്കും വിദേശി താമസക്കാര്‍ക്കും മൊബൈല്‍ ആപ്പിലൂടെ വാഹന ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനാകും. ഗതാഗത സേവനങ്ങള്‍ ഡിജിറ്റലൈസേഷന്‍ ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.ഡ്രൈവിംഗ് ലൈസന്‍സും, വാഹന രേഖകള്‍ പുതുക്കലും,ഉടമസ്ഥാവകാശ കൈമാറ്റവും ഇന്ന് മുതല്‍ ഇലക്ട്രോണിക് സേവനങ്ങള്‍ക്കായുള്ള ഏകീകൃത സര്‍ക്കാര്‍ ആപ്ലിക്കേഷനായ സഹല്‍ ആപ്പ് വഴി ലഭ്യമാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഫെബ്രുവരി ഒന്നു മുതല്‍ വാഹന കൈമാറ്റ സേവനവും സഹല്‍ ആപ്പ് വഴി ലഭ്യമാകും. ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ച ഈ പുതിയ സേവനങ്ങള്‍ സഹല്‍ ഉപയോക്താക്കള്‍ക്ക് പ്രയത്നവും സമയവും ലാഭിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.
ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഫര്‍മേഷനാണ് സര്‍ക്കാര്‍ സേവനങ്ങള്‍ക്കായുള്ള സഹല്‍ ഏകജാലക അപ്ലിക്കേഷനില്‍ പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയത്. വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് സേവനം ലഭ്യമാക്കുന്നത്.
ഇ ഗവേണ്‍സ് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ സഹല്‍ അപ്ലിക്കേഷനില്‍ ഇതിനോടകം വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും നിരവധി സേവനങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.
കുവൈത്തില്‍ വാഹന സംബന്ധമായ സേവനങ്ങള്‍ക്ക് സഹല്‍ ആപ്പ്