തൃശ്ശൂര്‍: രണ്ടുലക്ഷം സ്ത്രീകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മഹിളാസമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശ്ശൂരിലെത്തും.വനിതാ സംവരണ ബില്ല് പാസാക്കിയതിന് ശേഷം പ്രധാന മന്ത്രിക്ക് കേരള ബിജെപി നല്‍കുന്ന സ്വീകരണമാണിത്. പ്രധാനമന്ത്രിയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി. കനത്ത സുരക്ഷയാണ് വേദിയിലും പരിസരത്തും ഒരുക്കിയത്. പരിപാടി നടക്കുന്ന തേക്കിന്‍കാട് മൈതാനിയിലെയും റോഡ്ഷോ നടത്തുന്ന തൃശ്ശൂര്‍ റൗണ്ടിലെയും സുരക്ഷ എസ്.പി.ജി. ഏറ്റെടുത്തുകഴിഞ്ഞു. പ്രധാന സ്ഥലങ്ങളില്‍ തോക്കേന്തിയ സുരക്ഷാഭടന്‍മാര്‍ നിലയുറപ്പിച്ചുകഴിഞ്ഞു. പ്രധാനമന്ത്രിയുടെ വഴികളിലെ പെട്ടിക്കട മുതല്‍ ബാങ്കുകള്‍വരെ കടകളെല്ലാം അടയ്ക്കാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. പലരും ഇതു ചൂണ്ടിക്കാട്ടി സ്വന്തം സ്ഥാപനത്തില്‍ അറിയിപ്പുബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് രണ്ടരയോടെ ജനറല്‍ ആശുപത്രി പരിസരത്തുനിന്ന് റോഡ് ഷോ തുടങ്ങും. മൂന്നേകാലിനാണ് തേക്കിന്‍കാട് മൈതാനത്തെ നായ്ക്കനാലിന് സമീപത്തെ മഹിളാ സമ്മേളന വേദിയിലേക്ക് മോദി എത്തുക.
16 പേരാണ് സമ്മേളനവേദിയില്‍ സ്വീകരിക്കാനായി ഉണ്ടാകുക. കുട്ടനെല്ലൂരില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുമ്പോള്‍ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കാനെത്തും.
42 പേര്‍ വേദിയിലുണ്ടാകും. നടി ശോഭന, പി.ടി. ഉഷ, ഉമാ പ്രേമന്‍, മിന്നുമണി, ബീനാ കണ്ണന്‍ തുടങ്ങി എട്ടു പ്രമുഖ വനിതകള്‍ വേദിയിലുണ്ടാകും. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, സുരേഷ് ഗോപി തുടങ്ങി പ്രധാന പുരുഷനേതാക്കള്‍ മാത്രമേ വേദിയിലുണ്ടാകൂ. ബാക്കി എല്ലാം ബി.ജെ.പി.യിലെ വനിതാനേതാക്കളായിരിക്കും.
വിവിധ മേഖലകളില്‍ മികവുതെളിയിച്ച, പാര്‍ട്ടിവേദികളില്‍ പ്രത്യക്ഷപ്പെടാത്ത ആയിരത്തിലധികം വനിതകള്‍ളാണ് സദസ്സിന്റെ മുന്‍നിരയിലുണ്ടാവുക.ഇതിനു പിന്നിലാണ് വനിതാപ്രവര്‍ത്തകര്‍ക്കുള്ള സീറ്റ്. ഇതിനും പിന്നില്‍ റൗണ്ടിലായിരിക്കും പുരുഷന്മാര്‍ക്കുള്ള സ്ഥലം.
കൊല്ലം, കോട്ടയം, എറണാകുളം, ആലപ്പുഴ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, ഇടുക്കി എന്നിവിടങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകരാണ് പങ്കെടുക്കുക.
പ്രധാനമന്ത്രി ഇന്ന് തൃശൂരില്‍, കനത്ത സുരക്ഷ