തൃശ്ശൂര്‍: പാര്‍ലമെന്റില്‍ വനിതാ ബില്‍ പാസാക്കിയതിന്റെ അനുമോദന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി തൃശൂരിലെത്തിയത്.രണ്ടുലക്ഷത്തോളം സ്ത്രീകള്‍ പങ്കെടുക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്ന മഹിളാസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശ്ശൂരിലെത്തിയത്.
പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയ പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററിലാണ് തൃശൂരിലേക്ക് വന്നത്. മഹിളാസമ്മേളനത്തിന് മുന്നോടിയായി റോഡ് ഷോയും നടത്തുന്നുണ്ട്.കുട്ടനെല്ലൂര്‍ ഗവ. കോളേജിന്റെ ഹെലിപ്പാഡില്‍ ഇറങ്ങിയ മോദി തൃശൂര്‍ ജനറല്‍ ആശുപത്രി പരിസരംവരെ വാഹനത്തിലാകും എത്തുക. തുടര്‍ന്ന് ജനറല്‍ ആശുപത്രി പരിസരത്തുനിന്ന് റോഡ് ഷോ തുടങ്ങും. നായ്ക്കനാല്‍വരെ ഒരു കിലോമീറ്ററോളംദൂരത്തിലാകും റോഡ് ഷോ.
കേരളത്തില്‍ ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള വരവ് സാക്ഷ്യം വഹിക്കും.
കുട്ടനെല്ലൂരില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുമ്പോള്‍ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു. റോഡ്‌ഷോയ്ക്കായി ജനറല്‍ ആശുപത്രിക്കു സമീപമെത്തുന്ന നരേന്ദ്രമോദിയെ ബി.ജെ.പി. നേതാക്കള്‍ സ്വീകരിക്കും. ഇതിനുശേഷം വടക്കുന്നാഥ ക്ഷേത്രമൈതാനിയിലെ നായ്ക്കനാലിനു സമീപമുള്ള വേദിയിലെത്തുമ്പോഴും സംസ്ഥാന നേതാക്കള്‍ സ്വീകരിക്കാനുണ്ടാകും. 16 പേരാണ് സമ്മേളനവേദിയില്‍ സ്വീകരിക്കാനായി ഉണ്ടാകുക.
മഹിളാ സമ്മേളനവേദിയില്‍ 42 പേര്‍ ഉണ്ടാകും. നടി ശോഭന, പി.ടി. ഉഷ, ഉമാ പ്രേമന്‍, മിന്നുമണി, ബീനാ കണ്ണന്‍ തുടങ്ങി എട്ടു പ്രമുഖ വനിതകള്‍ വേദിയിലുണ്ടാകും. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, സുരേഷ് ഗോപി തുടങ്ങി പ്രധാന പുരുഷനേതാക്കള്‍ മാത്രമേ വേദിയിലുണ്ടാകൂ. ബാക്കി എല്ലാം ബി.ജെ.പി.യിലെ വനിതാനേതാക്കളായിരിക്കും.
സദസ്സിന്റെ മുന്‍നിരയില്‍ ക്ഷണിക്കപ്പെട്ട വനിതകളാണ് സ്ഥാനംപിടിക്കുക. വിവിധ മേഖലകളില്‍ മികവുതെളിയിച്ച, പാര്‍ട്ടിവേദികളില്‍ പ്രത്യക്ഷപ്പെടാത്ത ആയിരത്തിലധികം വനിതകള്‍ക്കാണ് ക്ഷണമുള്ളത്. ഇതിനു പിന്നിലാണ് വനിതാപ്രവര്‍ത്തകര്‍ക്കുള്ള സീറ്റ്. ഇതിനും പിന്നില്‍ റൗണ്ടിലായിരിക്കും പുരുഷന്മാര്‍ക്കുള്ള സ്ഥലം.
പ്രധാനമന്ത്രി തൃശ്ശൂരില്‍; കേരളത്തില്‍
ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം