കോഴിക്കോട്: ഫാറൂഖ് കോളേജ് പി എം സിവില്‍ സര്‍വീസ് അക്കാദമിയുടെ ഓഫീസേഴ്‌സ് സമ്മിറ്റ് 2024 6ന് (ശനിയാഴ്ച) ഫാറൂഖ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഡോ.കെ.എ.ആയിശ സ്വപ്‌നയും, പി എം സിവില്‍ സര്‍വീസ് അക്കാദമി ഡയറക്ടര്‍ ഡോ.പി.പി.യൂസഫലിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിവില്‍ സര്‍വീസ് അക്കാദമിയില്‍ നിന്ന് 2003 മുതല്‍ 2023 വരെയുള്ള 20 വര്‍ഷത്തില്‍ കോച്ചിംഗ് നേടി വിജയിച്ച് വിവിധ സര്‍വീസുകളില്‍ ജോലി ചെയ്യുന്നവരുടെ സംഗമമാണ് ഓഫീസേഴ്‌സ് സമ്മിറ്റ്. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തുടങ്ങി സിവില്‍ സര്‍വീസിലെ വിവിധ വകുപ്പുകളിലും കേന്ദ്ര- കേരള ഗവണ്‍മെന്റിന്റെ ഉന്നത സര്‍വീസുകളിലും സേവനമനുഷ്ഠിക്കുന്ന അക്കാദമിയില്‍ നിന്ന് പഠിച്ചിറങ്ങിയ അന്‍പതോളം പേരാണ് സമ്മിറ്റില്‍ പങ്കെടുക്കുന്നത്.
നാഗാലാന്‍ഡ് ഗവണ്‍മെന്റ് സെക്രട്ടറി മുഹമ്മദലി ശിഹാബ് ഐഎഎസ്, നാഗാലാന്‍ഡ് ഡിജിപി ഡോ.ഇല്യാസ് ഐപിഎസ്, ആന്ധ്രാപ്രദേശില്‍ സബ് കളക്ടറായി സേവനമനുഷ്ഠിക്കുന്ന ആദര്‍ശ് രാജേന്ദ്രന്‍ ഐഎഎസ്, അഗര്‍ത്തല മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അഡീഷണല്‍ കമ്മീഷണര്‍ മുഹമ്മദ് സജാദ് ഐഎഎസ്, ജിദ്ദ ഇന്ത്യന്‍ കോണ്‍സിലേറ്റില്‍ സേവനമനുഷ്ഠിക്കുന്ന മുഹമ്മദ് അബ്ദുല്‍ ജലീല്‍ ഐഎഫ്എസ്, വിദേശകാര്യ മന്ത്രാലയത്തിന്റെ ബൈലാറ്റല്‍ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ആഷിക് കാരാട്ടില്‍ ഐഇഎസ്, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ജോയിന്റ് ഡയറക്ടര്‍ സയ്യിദ് റബീ ഹാഷ്മി ഐഐഎസ്, മാംഗ്ലൂര്‍ കസ്റ്റംസ് ഡെപ്യൂട്ടീ കമ്മീഷണര്‍ മിഥോഷ് രാഘവന്‍ ഐആര്‍എസ്, സതേണ്‍ റെയില്‍വേ ഡെപ്യൂട്ടി ചീഫ് ഓപ്പറേഷന്‍ മാനേജര്‍ ജെറിന്‍ ജി ആനന്ദ് ഐ.ആര്‍.ടി.എസ്, പ്രസാദ് ഭാരതി ബാംഗ്ലൂരില്‍ സേവനമനുഷ്ഠിക്കുന്ന ഷാഹിദ് തിരുവള്ളൂര്‍ ഐഐഎസ്, ശശീന്ദ്ര എഎഫ്എച്ച് ക്യൂ, നിഹാല കെ ഷെരീഫ് ഐപിഒഎസ്, ഇന്ത്യന്‍ ആര്‍മി സെന്‍ട്രല്‍ കമാന്‍ഡന്റ് മേജര്‍ ഹരിശങ്കര്‍, ഈ വര്‍ഷം കെഎഎസ് നിയമനം നേടിയ അബ്ദുല്‍ സലാം, ബിജേഷ്, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡെപ്യൂട്ടി കമാണ്ടന്റ് ജസ്റ്റിന്‍ ജോസഫ് തുടങ്ങി വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന അക്കാദമിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സമ്മിറ്റിന്റെ ഭാഗമാകും. ഇവര്‍ക്ക് പുറമെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം, കേന്ദ്ര ആരോഗ്യ മന്ത്രാലയം, ഇന്ത്യന്‍ ജുഡീഷ്യറി, ഇന്ത്യന്‍ ആര്‍മി, നേവല്‍ അക്കാദമി, എയര്‍ഫോഴ്‌സ്, ഐഎസ്ആര്‍ഒ, സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ്, ആള്‍ ഇന്ത്യ റേഡിയോ തുടങ്ങി മറ്റു മേഖലകളിലും സേവനമനുഷ്ഠിക്കുന്ന അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ത്ഥികളും ഓഫീസേഴ്‌സ് സമ്മിറ്റില്‍ പങ്കെടുക്കും.
ഫാറൂഖ് കോളേജിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പി.എം.സിവില്‍ സര്‍വീസ് അക്കാദമി 2001ലാണ് സ്ഥാപിതമായത്. ഓരോ വര്‍ഷവും റഗുലര്‍, ഫൗണ്ടേഷന്‍ കോഴ്‌സുകളിലായി നൂറിലധികം വിദ്യാര്‍ത്ഥികള്‍ സിവില്‍ സര്‍വീസ് പരിശീലനത്തിനായി ഇവിടെ അഡ്മിഷന്‍ നേടുന്നുണ്ട്. ഡിഗ്രി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സിവില്‍ സര്‍വീസ് റഗുലര്‍ ബാച്ചില്‍ അഖിലേന്ത്യാ തലത്തില്‍ ഓരോ വര്‍ഷവും സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തി അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുകയാണ് ചെയ്യുന്നത്.
ഓഫീസേഴ്‌സ് സമ്മിറ്റ് ചീഫ് സെക്രട്ടറി വേണു ഐഎഎസ് ഉദ്ഘാടനം ചെയ്യും. ഫാറൂഖ് കോളേജ് പ്രസിഡണ്ട് പി.കെ അഹമ്മദ് അധ്യക്ഷത വഹിക്കും. കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഐഎഎസ് അതിഥി പ്രഭാഷണം നടത്തും.
ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ കെ.എ ആയിഷ സ്വപ്‌ന സ്വാഗത പ്രഭാഷണം നിര്‍വഹിക്കും. തുടര്‍ന്ന് കോളേജില്‍ കഴിഞ്ഞ മാസം നടന്ന 75 ബുക്‌സ് റിവ്യൂ ചലഞ്ചിന്റെ വിജയികള്‍ക്കുള്ള സമ്മാന വിതരണം ചീഫ് സെക്രട്ടറി നിര്‍വഹിക്കും. തുടര്‍ന്ന് ഓഫീസേഴ്‌സ് സമ്മിറ്റില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുമായുള്ള ഓഫീസേഴ്‌സിന്റെ ഇന്ററാക്ഷന്‍ നടക്കും. ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, മുന്‍ പ്രിന്‍സിപ്പല്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. ഡോ.പി.പി.യൂസഫലി നന്ദി പറയും.
വാര്‍ത്താസമ്മേളനത്തില്‍ ഫാറൂഖ് കോളേജ് മാനേജിംഗ് കമ്മറ്റി ട്രഷറര്‍ എന്‍.കെ.മുഹമ്മദലി, പി എം സിവില്‍ സര്‍വീസ് അക്കാദമി ഹെഡ് കെ.പി.ആഷിഫ് എന്നിവരും സംബന്ധിച്ചു.