ന്യൂഡല്‍ഹി: രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് പൗരത്വനിയമ ഭേദഗതി നടപ്പാക്കാനുള്ള നീക്കങ്ങളാരംഭിച്ച് കേന്ദ്രം. അയല്‍ രാജ്യങ്ങളായ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലെ 6 ന്യൂനപക്ഷ മതവിഭാഗത്തില്‍പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികളാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
2019-ല്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വനിയമ ഭേദഗതിയുടെ ചട്ടങ്ങള്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് വിജ്ഞാപനം ചെയ്യും.
2019 ഡിസംബറില്‍ ആണ് പൗരത്വനിയമ ഭേദഗതി ബില്‍ ലോക്‌സഭാ പാസാക്കിയത്. 2020 ജനുവരി 10-ന് നിയമം നിലവില്‍ വന്നുവെങ്കിലും ചട്ടങ്ങള്‍ രൂപീകരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മത വിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമ ഭേദഗതിയാണ് പാര്‍ലമെന്റ് പാസാക്കിയിരുന്നത്. 2014 ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വത്തിന് അപേക്ഷ നല്‍കാന്‍ കഴിയുക എന്നായിരുന്നു നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നത്. എന്നാല്‍ 2014-ന് ശേഷവും ഇന്ത്യയില്‍ എത്തിയവര്‍ക്ക് സി.എ.എയുടെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ച് വരികയാണ്.സിഎഎക്ക് കീഴില്‍ പൗരത്വത്തിന് വേണ്ടി അപേക്ഷിക്കാനും അതിന്റെ തുടര്‍ നടപടികള്‍ക്കും വേണ്ടിയുള്ള ഓണ്‍ലൈന്‍ സംവിധാനം തയ്യാറാണെന്നും റിപ്പോര്‍ട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതി ലോക്‌സഭാ തിരഞ്ഞെടുപ്പ്
പ്രഖ്യാപനത്തിന് മുമ്പ്;നീക്കങ്ങളാരംഭിച്ച് കേന്ദ്രം