പനവേല്‍:രാജ്യത്തെ ജാതീയമായും വംശീയമായും ഭിന്നിപ്പിച്ചു കൊള്ളയടിക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് ഭരണത്തിനെതിരെപ്രതിപക്ഷ കക്ഷികള്‍,സങ്കുചിത താല്പര്യങ്ങള് മാറ്റിവെച്ച്, 1977 മാതൃകയില്‍ വിശാല ഐക്യം രൂപീകരിക്കണമെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ ദേശീയ സമ്മേളനം ആവശ്യപ്പെട്ടു. എല്ലാ മേഖലകളിലും രാജ്യത്തെ നൂറ്റാണ്ടുകള്‍ക്ക് പുറകിലേക്ക് നയിച്ച ബിജെപി സര്‍ക്കാരിനെ താഴെ ഇറക്കി മത നിരപേക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് രാജ്യത്തിന്റെ നിലനില്പിന് തന്നെ ആവശ്യമാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് ഏതാനും കോര്‍പ്പറേറ്റ് ഭീമന്മാര്ക്ക് രാജ്യത്തെ കൊള്ളയടിക്കാന്‍ അവസരമൊരുക്കുകയാണ് കേന്ദ്ര സര്‍ക്കാറെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി കുറ്റപ്പെടുത്തി. രണ്ടു ദിവസങ്ങളിലായി പനവേല്‍ യുസഫ് മെഹര്‍ അലി നഗറില്‍ നടന്ന സമ്മേളനത്തില്‍ അഡ്വ തമ്പാന് തോമസ് അധ്യക്ഷത വഹിച്ചു. നൂറാം ജന്മദിനം ആഘോഷിക്കുന്ന സ്വാതന്ത്ര്യസമര സേനാനിയും സോഷ്യലിസ്റ്റ് നേതാവും സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോക്ടര്‍ ജിജി പരീഖ്നെ ആദരിച്ചു. വിവിധ സമ്മേളനങ്ങളില്‍ പന്നാലാല്‍ സുരാനാ,പ്രൊഫ ശ്യാം ഗംഭീര്‍, നൂറുല്‍ അമീന്,മഞ്ജു മോഹന്‍, അഡ്വ ജയവിന്ദാല, അനില്‍ മിസ്ര,മനോജ് ടി സാരംഗ്, സയ്യിദ് ടെഹ്സിന്‍ അഹ്മദ്, കജ മൊയ്നുദ്ദീന്, ഡോ. ലളിത നായിക്, ഡോ.പീഹു പര്‍ദേശി, സുരേഖ ആദം തുടങ്ങിയവര്‍ പ്രസംഗിച്ചു. അപ്പ സഹീബ് കെര്നാല്, അഡ്വ നിംഗ്പ്പ ദേവരവര്‍, ഡി ഗോപാലകൃഷ്ണന്, സിപി ജോണ്‍, സുരേഖ ആദം, ടോമി മാത്യു,തന്ജയ് ഇള സിംഗം, സഹീര്‍ അഹ്മദ്, ഡോ. കോവൈ സുന്ദരം, മൂത്യാല്യാദവ്, തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിച്ചു.
വിദ്യാഭ്യാസ രംഗത്തെ കാവിവത്കരിക്കുന്നതിനെ എതിര്‍ക്കാന്‍ ജനാധിപത്യവിശ്വാസികളോട് സമ്മേളനം അഭ്യര്‍ത്ഥിച്ചു. പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിച്ചു സമാധാനം പുനസ്ഥാപിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കാന്‍ സാധ്യതയുള്ളതിനാല്‍ വികസിത രാജ്യങ്ങള്‍ തിരസ്കരിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് പിന്‍വലിച്ചു പേപ്പര്‍ ബാലറ്റുകള്‍ തിരിച്ചു കൊണ്ടുവരണമെന്നും, കര്‍ഷകര്‍ക്ക് നല്കിയ ഉറപ്പു പാലിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയങ്ങള്‍ സമ്മേളനം പാസ്സാക്കി. സര്‍ക്കാര്‍ ജീവനക്കാരന് എന്നത് പോലെ അറുപതു വയസ്സ് പൂര്‍ത്തിയായ മുഴുവന്‍ കര്‍ഷകര്‍ക്കും പെന്ഷന് അനുവദിക്കണമെന്നും മുതിര്‍ന്ന പൗരന്മാര്ക്കു സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഭാരവാഹികളായി തമ്പാന് തോമസ് പ്രസിഡന്റ്,ഡോക്ടര്‍ സന്ദീപ് പാണ്ഡേ ജനറല്‍ സെക്രട്ടറി,ഹരിന്ദര്‍സിംഗ് മനശാഹിയ,സയ്യിദ് തെഹ്സിന് അഹ്മദ്,റാം ബാബു അഗര്‍വാള്‍, അഡ്വ നിംഗപ്പ ദേവരവര്വൈസ് പ്രസിഡന്റ്മാര്‍, പ്രൊഫ ശ്യാം ഗംഭീര്‍, നുറുല്‍ അമീന്, ഡോക്ടര്‍ പീഹു പാര്‍ദേശി ജനറല്‍ സെക്രെട്ടറിമാര്‍, മുഹ്മദ് ഫൈസല്‍ ഖാന്, സുരേഖ ആദം, അഡ്വ ജയ വിന്ദ്യാലയ, കിഷോര്‍ പോടന്വര്, അഭയ് സിന്‍ഹ സെക്രട്ടറിമാര്‍, പ്രിയരഞ്ജന് ബിഹാരി ഖജാന്‍ജി, മനോജ് ടി സാരംഗ് ഔദ്യോഗിക വക്താവ്. മഞ്ജു മോഹന്‍ പാര്‍ലിമെന്ററി ബോര്‍ഡ് ചെയര്‍പേഴ്സണ്‍, അഡ്വ എസ് രാജശേഖരന് ജനറല്‍ സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു.
വര്‍ഗീയ ഫാസിസത്തിനെതിരെ 1977 മാതൃകയില്‍
രാഷ്ട്രീയ ഐക്യം ഉണ്ടാവണം സോഷ്യലിസ്റ്റ് പാര്‍ട്ടി