പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരായ പ്രതികരിച്ചപ്പോള്‍ പറഞ്ഞ വീഞ്ഞു കേക്കും പരാമര്‍ശം അവര്‍ക്ക് വേദനയുണ്ടാക്കിയെങ്കില്‍ ആ വാക്കുകള്‍ പിന്‍വലിക്കുകയാണെന്നു മന്ത്രി സജി ചെറിയാന്‍. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ ന്ത്രി നടത്തിയ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതോടെയാണ് മന്ത്രി പരാമര്‍ശങ്ങള്‍ പിന്‍വലിച്ചത്. വ്യക്തിപരമായ രാഷ്ട്രീയ നിലപാടാണ് താന്‍ പറഞ്ഞതെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മന്ത്രി അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്ത് ക്രിസ്ത്രീയ- മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന വിഷയത്തെക്കുറിച്ചാണ് താന്‍ പറഞ്ഞത്.
വര്‍ത്തമാനകാല ഇന്ത്യയില്‍ ക്രിസ്ത്രീയ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ട് ഹിന്ദുത്വം പടര്‍ത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് സജി ചെറിയാന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം എഴുനൂറിലധികം ആക്രമണങ്ങളാണ് ക്രിസ്തീയ വിഭാഗങ്ങള്‍ക്കെതിരെ രാജ്യത്ത് നടന്നത്. അതില്‍ കൂടുതലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് നടന്നത്.
ബിജെപി ഭരിച്ച കഴിഞ്ഞ ഒന്‍പത് വര്ഷം കൊണ്ട് ആക്രമണങ്ങളുടെ നിരക്ക് കുതിച്ചുയരുകയാണ്. കഴിഞ്ഞ വര്ഷം ഇന്ത്യയെ ആകമാനം പിടിച്ചുകുലുക്കിയത് മണിപ്പൂര്‍ സംഭവമായിരുന്നു. ഇത് തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടു. പ്രധാനമന്ത്രി കലാപ ബാധിത പ്രദേശങ്ഹള്‍ സന്ദര്‍ശിക്കുകയോ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മെയ്തി- കുക്കി വിഭാഗങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ 200ലധികം പേര്‍ കൊല്ലപ്പെടുകയും അറുപതിനായിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും നൂറോളം ക്രിസ്ത്രീയ ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. ഇതിനെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ബിജെപി സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനമാണ് ഇത് എടുത്തുകാട്ടുന്നത്.
ക്രിസ്തീയ വിഭാഗങ്ങള്‍ക്കെതിരെ മാത്രമല്ല, മുസ്ലിങ്ങള്‍ക്കെതിരെയും രാജ്യത്ത് അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. രാമനവമി ആഘോഷങ്ങളുടെ മറവില്‍ മുസ്ലിങ്ങളുടെ വീടുകള്‍ കൊള്ളയടിക്കപ്പെട്ടത് ഹരിയാനയിലാണ്. യു പിയിലെ മുസാഫര്‌നഗറില്‍ ത്രിപ്ത ത്യാഗിയെന്ന അധ്യാപിക, ഒരു മുസ്ലിം വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവം നമ്മള്‍ കണ്ടതാണ്. വര്‍ഗീയ വിഭജനം കലാലയങ്ങളിലേക്കും കടന്നിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ വര്‍ഗീയ വിദ്വേഷം പ്രചരിക്കുന്നു. ഈ സാഹചര്യത്തില്‍ നമ്മുടെ മതേതര സമൂഹം ഒന്നിക്കണമെന്ന അഭിപ്രായമാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ ഇത്രയും ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരെ ആശങ്കകളും അറിയിക്കേണ്ട സമീപനം വേണ്ടത്ര നിലയില്‍ സ്വീകരിക്കുന്നില്ല എന്ന് വ്യക്തിപരമായി തോന്നി. ഇരുനൂറോളം ആളുകള്‍ കൊല്ലപ്പെട്ട്, ആയിരങ്ങള്‍ ഭവനരഹിതരായ നാട്ടില്‍ ഒരുവിഭാഗത്തിന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിട്ടും അത് പ്രധാനമന്ത്രിയോട് സ്‌നേഹബന്ധിയായെങ്കിലും പറയേണ്ടതായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തവര്‍ ആരും അത് പറയാന്‍ തയാറായില്ല. ഈ നാട്ടിലെ എല്ലാവരും ഒരമ്മപെറ്റ മക്കളെ പോലെ ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമായി ഞാന്‍ പറഞ്ഞ കാര്യത്തില്‍, വീഞ്ഞിന്റെയും കേക്കിന്റെയും കാര്യത്തില്‍ പറഞ്ഞ ഭാഗം പിന്‍വലിക്കുന്നു. അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ ഉന്നയിച്ച രാഷ്ട്രീയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു.
പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തപ്പോള്‍ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വിഷയം ഉന്നയിക്കാന്‍ പറ്റുമായിരുന്നു. എന്നാല്‍ അത് ചെയ്തില്ല. ആരെയാണ് ഇവര്‍ ഭയക്കുന്നത്? എന്റേത് വ്യക്തിപരമായ അഭിപ്രായപ്രകടനമാണ്. ഞാന്‍ ആരെയും വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.