കൂമന്‍കൊല്ലിയിലെ കഥാപാത്രം കുറുമാട്ടി വിടവാങ്ങി

കൂമന്‍കൊല്ലിയിലെ കഥാപാത്രം കുറുമാട്ടി വിടവാങ്ങി

തിരുനെല്ലി: അടിയാള ജീവിതത്തിന്റെ കഥ പറയുന്ന പി. വത്സലയുടെ ശ്രദ്ധേയമായ ‘നെല്ല്’ നോവലിലെ ജീവിച്ചിരിക്കുന്ന കഥാപാത്രമായ കുറുമാട്ടിയും (രാഗിണി-70) കഥാകാരിക്ക് പിന്നാലെ ജീവിതത്തില്‍നിന്ന് വിടവാങ്ങി. തിരുനെല്ലി പോത്തുമൂല കോളനിയിലെ മകള്‍ വെള്ളയുടെ വീട്ടിലായിരുന്നു അന്ത്യം. തിരുനെല്ലിയിലെത്തുന്ന കാലംമുതല്‍ പി. വത്സലയുടെ കൂട്ടുകാരിയായിരുന്നു രാഗിണി.അടിയജീവിതത്തിന്റെ കഥകളും അനുഭവങ്ങളുമെല്ലാം കഥാകാരിയുമായി അവര്‍ പങ്കുവെച്ചിരുന്നു. പി. വത്സല ‘നെല്ല്’ എഴുതിയപ്പോഴും കുറുമാട്ടി എന്ന കഥാപാത്രവും അനശ്വരമായി മാറുകയായിരുന്നു.
മണ്ണും മഴയും മനുഷ്യനും പ്രണയവുമെല്ലാം ഇഴപിരിഞ്ഞ ഈ നാടിന്റെ ചൂടും ചൂരുമെല്ലാം പി. വത്സല അടുത്തറിഞ്ഞത് കുറുമാട്ടിയിലൂടെയായിരുന്നു. നെല്‍പ്പാടത്തിന്റെ കരയില്‍ ചൂട്ടുമായി ഉറക്കമൊഴിച്ചിരിക്കുന്ന കാവല്‍പ്പുരകളും അതിനോടുചേര്‍ന്ന ജീവിതങ്ങളുടെയും ആഴവും പരപ്പുമുള്ള അനുഭവങ്ങളെ കുറുമാട്ടിയിലൂടെ വത്സല ടീച്ചര്‍ വരച്ചെടുത്തു. അടിയാളരുടെ ജീവിതകഥകള്‍ പറഞ്ഞുപറഞ്ഞ് അവര്‍ കഥാപാത്രമായിമാറി. ടീച്ചറുടെ കൈപിടിച്ച് തിരുനെല്ലിയിലെ കഥകള്‍ പറഞ്ഞു. കഥാകാരി ഓര്‍മയായി ഒരുമാസം പിന്നിട്ടപ്പോള്‍ അവര്‍ക്കുപിന്നാലെ കുറുമാട്ടിയും യാത്രയായി.

രാമു കാര്യാട്ട് ‘നെല്ല്’ പിന്നീട് സിനിമയാക്കിയപ്പോഴും കുറുമാട്ടിയുടെ വേഷം ചെയ്യാന്‍ നിട്ടറി കോളനിയിലെ ‘കുറുമാട്ടി’യെ വിളിച്ചിരുന്നു. അന്ന് സിനിമയില്‍ വേഷമിടാന്‍ പോയില്ലെങ്കിലും രാഗിണിയുടെ സാരിയും ആഭരണങ്ങളുമെല്ലാം സിനിമയിലേക്ക് രാമു കാര്യാട്ട് കൊണ്ടുപോയിരുന്നു. പിന്നീട് പി. വത്സലയുമായുള്ള അവരുടെ സൗഹൃദം കഥാകാരിയുടെ മരണംവരെയും തുടര്‍ന്നിരുന്നു.ജന്മിത്തറവാടുകളിലും വയലുകളിലുമെല്ലാം തൊഴിലെടുത്തുതുടങ്ങിയ കാലത്തായിരുന്നു കുറുമാട്ടിക്ക് തിരുനെല്ലിയിലേക്ക് വിരുന്നെത്തിയ വത്സല ടീച്ചറെ കൂട്ടുകാരിയായി കിട്ടുന്നത്. തിരുനെല്ലിക്ക് പുറത്തുനിന്നുമുള്ള ഒരു നാടിനെ പരിചയപ്പെടാന്‍കൂടിയാണ് അവര്‍ വത്സല ടീച്ചറുടെ കൈപിടിച്ചത്. അന്ന് കോളനിയെന്ന പേരൊന്നുമില്ല. എല്ലാം മന്റുകള്‍ മാത്രം. മന്റ് എന്നാല്‍, അടിയോരുടെ കുടിലുകള്‍. ഈ കുടിലിന് ചുറ്റുമാണ് ‘നെല്ലി’ലെ കഥാപാത്രങ്ങള്‍ ജീവിച്ചതും മരിച്ചതുമെല്ലാം.

സ്‌കൂള്‍ രജിസ്റ്ററില്‍ മാത്രമുണ്ടായിരുന്ന രാഗിണി എന്ന പേര് എപ്പോഴോ മാഞ്ഞുപോയി. അങ്ങനെ ഈ അടിയാത്തിപ്പെണ്ണ് തിരുനെല്ലിയുടെയും കുറുമാട്ടിയായി മാറുകയായിരുന്നു.

ജീവിതഗന്ധിയായ നോവലിനും സിനിമയ്ക്കും ഊടുംപാവും നല്‍കിയ ഗ്രാമത്തിന്റെ ഒരു കോണില്‍ ജീവിതസായാഹ്നത്തില്‍ വിശ്രമത്തിലായിരുന്നു, കുറുമാട്ടി. ഏറ്റവും ഒടുവില്‍ പി. വത്സല തിരുനെല്ലിയിലെത്തിയിരുന്നപ്പോഴും തന്റെ ‘കുറുമാട്ടി’യെ കണ്ടിരുന്നു.കുറച്ചുകാലമായി അസുഖബാധിതയായിരുന്ന രാഗിണി മകളുടെവീട്ടില്‍ വിശ്രമത്തിലായിരുന്നു. ഭര്‍ത്താവ്: പരേതനായ കരിയന്‍. മക്കള്‍: ദേവി, വെള്ള. മരുമക്കള്‍: പരേതനായ കരിയന്‍, മാരന്‍.
കഥകളെയും കഥാപാത്രങ്ങളെയും ബാക്കിയാക്കി വത്സല ടീച്ചറും വൈകാതെ കുറുമാട്ടിയും അരങ്ങൊഴിഞ്ഞപ്പോള്‍ ബാക്കിയാകുന്നത് അവരുടെ ചരിത്രം.

 

 

 

കൂമന്‍കൊല്ലിയിലെ കഥാപാത്രം കുറുമാട്ടി വിടവാങ്ങി

Share

Leave a Reply

Your email address will not be published. Required fields are marked *