ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്കുള്ള നിരോധനം ദുബായില്‍ നിലവില്‍ വന്നു. ഇന്നലെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മംക്തുമാണ് പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ച് ഉത്തരവിറക്കിയത്. ഇത്തരം ബാഗുകളുടെ ഇറക്കുമതിയും വിപണനവുമാണ് ദുബായില്‍ വിലക്കിയത്.
യുഎഇയുടെ ദേശീയ സുസ്ഥിരതാ ഡ്രൈവിന്റെ ഭാഗമായാണ് വിവിധ എമിറേറ്റുകള്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഘട്ടംഘട്ടമായി നിരോധിക്കുന്നത്. ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഡിസ്‌പോസിബിള്‍ ഉല്‍പ്പന്നങ്ങള്‍ക്കും റീസൈക്കിള്‍ ചെയ്തവയ്ക്കും നിരോധനം ബാധകമാണ്. ഭക്ഷണ വിതരണ പാക്കേജിംഗ് സാമഗ്രികള്‍, പഴം, പച്ചക്കറി പൊതിയാന്‍ ഉപയോഗിക്കുന്നവ, കട്ടിയുള്ള പ്ലാസ്റ്റിക് ബാഗുകള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ച പാക്കേജിങ് സാമഗ്രികള്‍ എല്ലാം ഇതില്‍ ഉള്‍പ്പെടും. അതേസമയം മാംസം, മല്‍സ്യം, പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യം ബ്രഡ് എന്നിവയുടെ കയറ്റുമതിക്കും പുനര്‍കയറ്റുമതിക്കുമായി ഉപയോഗിക്കുന്ന പ്ലാസിറ്റിക്കിന് വിലക്കില്ല.
നിയമം ലംഘിച്ചാല്‍ 200 ദിര്‍ഹമാണ് പിഴ. ഒരുവര്‍ഷത്തിനുള്ളില്‍ ആവര്‍ത്തിച്ചാല്‍ പിഴ തുക ഇരട്ടിയാകും. ഇത്തരത്തില്‍ 2000 ദിര്‍ഹം വരെ പിഴ ഈടാക്കും. അടുത്ത വര്‍ഷം ജനുവരി ഒന്നോടെ ഒറ്റത്തണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് കപ്പുകള്‍, സ്‌ട്രോ, ടേബിള്‍ തുടങ്ങിയവ പൂര്‍ണമായി നിരോധിക്കാനാണ് പദ്ധതി. 2026 ജനുവരി ഒന്ന് മുതല്‍, പ്ലാസ്റ്റിക് പ്ലേറ്റുകള്‍, ഫുഡ് കണ്ടെയ്‌നറുകള്‍, ടേബിള്‍വെയര്‍, പാനീയ കപ്പുകള്‍, അവയുടെ പ്ലാസ്റ്റിക് മൂടികളും കൂടി നിരോധിക്കും.
യു എ ഇ രാജ്യങ്ങളായ അബുദാബിയില്‍ കഴിഞ്ഞവര്‍ഷവും ഉമ്മല്‍ കുവൈനും അജ്മാനും ഈ വര്‍ഷവും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ചിരുന്നു. ദുബായില്‍ ജൂലൈയിലും ഷാര്‍ജയില്‍ ഒക്ടോബറിലും അവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ആവശ്യക്കാര്‍ക്ക് ബാഗ് ഒന്നിന്ന് 25 ഫില്‍സ് ഈടാക്കിയാണ് നല്‍കിയിരുന്നത്.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍
ദുബായില്‍ നിരോധിച്ചു