എ.ഐ. ക്യാമറ പ്രവര്‍ത്തനം സ്വാഹാ

എ.ഐ. ക്യാമറ പ്രവര്‍ത്തനം സ്വാഹാ

നിയമം തെറ്റിച്ചാല്‍ നോട്ടീസില്ല

റോഡ് നിയമലംഘനങ്ങള്‍ കണ്ടെത്തി പിഴയീടാക്കാനായി കോടികള്‍മുടക്കി സ്ഥാപിച്ച എ.ഐ. ക്യാമറകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ കരാര്‍ കമ്പനിക്ക് കോടികളുടെ കുടിശ്ശികയാണ് കൊടുക്കാനുള്ളത്. പണമില്ലാത്തതിനാല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടും കരാര്‍ കമ്പനിയായ കെല്‍ട്രോണ്‍ തപാല്‍മാര്‍ഗം നോട്ടീസ് അയക്കാതായിട്ട് ഒരുമാസമായി.

ക്യാമറയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതും നിയമലംഘനങ്ങളുടെ പിഴ ഏകോപിപ്പിക്കുന്നതുമായ കണ്‍ട്രോള്‍ റൂമുകള്‍ക്കും പൂട്ട് വീഴുകയാണ്.ലക്ഷങ്ങള്‍ വൈദ്യുതി കുടിശ്ശികയായതോടെയാണിത്. കെ.എസ്.ഇ.ബി. ബില്ല് കൊടുത്തിട്ടുണ്ടെങ്കിലും കമ്പനിക്ക് ഇതുവരെ കുടിശ്ശികയടക്കാന്‍ കഴിഞ്ഞിട്ടില്ല.
ക്യാമറകള്‍ സ്ഥാപിച്ചതിന്റെ പണം ലഭിച്ചില്ലെങ്കില്‍ കണ്‍ട്രോള്‍ റൂമുകളുമായി മുന്നോട്ടു പോകാനാകില്ലെന്നാണ് കെല്‍ട്രോണിന്റെ നിലപാട്. ക്യാമറകള്‍ സ്ഥാപിച്ചതിന്റെ ആദ്യ ഗഡുപോലും ലഭിക്കാത്ത സാഹചര്യത്തിലാണ് കമ്പനി കടുത്ത നിലപാടിലേക്കു നീങ്ങുന്നത്. ആദ്യ ഗഡുവമായി സര്‍ക്കാര്‍ കെല്‍ട്രോണിനു നല്‍കേണ്ടിയിരുന്നത് 11.79 കോടി രൂപയാണ്.

കരാര്‍പ്രകാരം വൈദ്യുതി കുടിശ്ശികയുള്‍പ്പെടെ നല്‍കേണ്ടത് കമ്പനിയാണ്. എന്നാല്‍, സര്‍ക്കാര്‍ പണം കൊടുക്കാത്തതിനാല്‍ കമ്പനിക്ക് അതിനു കഴിയുന്നുമില്ല. പണം കിട്ടാത്തതിനാല്‍ കെ.എസ്.ഇ.ബി. കണ്‍ട്രോള്‍ റൂമുകളുടെ ഫ്യൂസ് ഊരാനുള്ള സാധ്യതയുമുണ്ട്. അതോടെ കേരളത്തിലെ എ.ഐ. ക്യാമറകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കും.

ക്യാമറ നിയമലംഘനം കണ്ടെത്തിയാല്‍ വാഹനമുടമയ്ക്ക് ഫോണില്‍ ഉടന്‍ അറിയിപ്പു ലഭിക്കാറുണ്ട്. എന്നാല്‍, ഫോണ്‍നമ്പരും വാഹന നമ്പരുമായി ബന്ധിപ്പിച്ചാലേ ഇതു സാധ്യമാകൂ. അല്ലാത്തവരുടെഫോണില്‍ അറിയിപ്പു ലഭിക്കാറില്ല. അത്തരക്കാര്‍ തപാല്‍മാര്‍ഗം നോട്ടീസ് ലഭിച്ചാലേ നിയമലംഘനത്തെക്കുറിച്ച് അറിയാറുള്ളൂ. എന്നാല്‍, ഒരുമാസമായി നോട്ടീസ് അയക്കാത്തതിനാല്‍ പിഴയെക്കുറിച്ച് പലരും അറിയുന്നില്ല. കുറച്ചു ജില്ലകളില്‍ മാത്രമാണ് ഇപ്പോള്‍ നോട്ടീസ് അയക്കുന്നത്.

പ്രതിമാസം ഒരുകോടി രൂപയോളം സ്വന്തംനിലയ്ക്കു ചെലവഴിച്ചാണ് പദ്ധതി കെല്‍ട്രോണ്‍ നടത്തുന്നത്. ജീവനക്കാര്‍ക്കുള്ള ശമ്പളത്തിനും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനത്തിനും മറ്റുമാണ് പണംവേണ്ടത്. എ.ഐ. ക്യാമറ പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷം പോലും ആകാത്തപ്പോഴാണ് ഈ പ്രതിസന്ധി. നിയമലംഘനങ്ങളില്‍നിന്ന് 33 കോടി രൂപ സര്‍ക്കാരിന് ഇതുവരെ ലഭിച്ചിട്ടുണ്ടെന്നാണറിയുന്നത്.

 

 

 

 

 

എ.ഐ. ക്യാമറ പ്രവര്‍ത്തനം സ്വാഹാ

Share

Leave a Reply

Your email address will not be published. Required fields are marked *