തെല്‍അവീവ്: ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രകടനം. ജൂത സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു വന്‍ യുദ്ധവിരുദ്ധ റാലി. ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് തെല്‍അവീവില്‍ നടന്ന റാലിയില്‍ ആയിരങ്ങളാണു പങ്കെടുത്തത്.
ഗസ്സയില്‍ സിവിലിയന്മാരെയാണ് ഇസ്രായേല്‍ സൈന്യം കൊല്ലുന്നതെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഗസ്സയിലെ ഉപരോധം അവസാനിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നു.
‘ഫലസ്തീന്‍ ജീവിതങ്ങള്‍ക്കും വിലയുണ്ട്’, ‘കൂട്ടക്കൊലയ്ക്കും വംശഹത്യയ്ക്കും വംശീയതയ്ക്കും സയണിസത്തിനുമെതിരെ’, ‘ഗസ്സയിലെ ബോംബ് ആക്രമണം നിര്‍ത്തൂ’, ‘വേദനയ്ക്ക് അതിര്‍ത്തികളില്ല’ തുടങ്ങിയ സന്ദേശങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു യുദ്ധവിരുദ്ധ റാലി.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെയും ഇസ്രായേലില്‍ പ്രതിഷേധം ശക്തമാകുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേല്‍ നഗരങ്ങളില്‍ നടന്ന നെതന്യാഹു വിരുദ്ധ റാലികളില്‍ പതിനായിരങ്ങള്‍ പങ്കെടുത്തതായി ‘ഹാരെറ്റ്സ്’ റിപ്പോര്‍ട്ട് ചെയ്തു.
സെസറിയയിലെ നെതന്യാഹുവിന്റെ വസതിയിലേക്കും പ്രകടനം നടന്നു. നെതന്യാഹു ഉടന്‍ രാജിവച്ച് ഒഴിയണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഹമാസിന്റെ പിടിയിലുള്ള മുഴുവന്‍ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണം, രാജ്യദ്രോഹിയായ നെതന്യാഹുവിനെ ജയിലിലടക്കണം, അടിയന്തരമായി തെരഞ്ഞെടുപ്പ് നടത്തണം.. ഇങ്ങനെ സമരക്കാരുടെ ആവശ്യങ്ങള്‍ പോകുന്നു. നെതന്യാഹുവിനെ താഴെയിറക്കിയില്ലെങ്കില്‍ ഇസ്രായേല്‍ ബാക്കിയുണ്ടാകില്ലെന്ന് ഒരു പ്ലക്കാര്‍ഡില്‍ പറയുന്നു.
ദിവസങ്ങള്‍ക്കുമുന്‍പ് ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റിലും നെതന്യാഹുവിനു ജനരോഷം നേരിട്ട് ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം കൂക്കുവിളികളോടെയാണ് ബന്ദികളുടെ ബന്ധുക്കള്‍ നേരിട്ടത്. ബന്ദികളുടെ ചിത്രങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളുമായെത്തിയ കുടുംബങ്ങള്‍ നെതന്യാഹുവിന്റെ പ്രസംഗം തടസപ്പെടുത്തുകയും ചെയ്തു. ഗസ്സയില്‍ ഹമാസിന്റെ പിടിയിലുള്ള ബന്ദികളുടെ വിഷയം ചര്‍ച്ച ചെയ്യാനായി വിളിച്ച പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിലായിരുന്നു നാടകീയരംഗങ്ങള്‍. സൈനികസമ്മര്‍ദത്തിലൂടെയല്ലാതെ ബന്ദികളെ മോചിപ്പിക്കാനാകില്ലെന്ന് നെതന്യാഹു പ്രസംഗത്തില്‍ വ്യക്തമാക്കി.