കോഴിക്കോട് : കേരളത്തില്‍ പൊതുവെ മലബാറില്‍ പ്രത്യേകിച്ച് ട്രെയിന്‍ യാത്രക്കാര്‍ അനുഭവിക്കുന്ന തീവണ്ടി യാത്രാദുരിതം ദുരിതം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിലും, റെയില്‍വേ ബോര്‍ഡിലും സമ്മര്‍ദ്ദം ചെലുത്തി പരിഹരിക്കാന്‍ മുഖ്യമന്ത്രിയോ, മന്ത്രി വി അബ്ദുറഹ്‌മാനോ തീവണ്ടി യാത്ര സംഘടനകളുമായി ചര്‍ച്ച നടത്തണമെന്ന് അഭ്യര്‍ത്ഥിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ ഷെവ. സിഇ. ചാക്കുണ്ണി, കണ്‍വീനര്‍ സണ്‍ഷൈന്‍ ഷോര്‍ണൂര്‍ എന്നിവര്‍ മുഖ്യമന്ത്രിക്കും, റെയില്‍വേ ചുമതലയുള്ള മന്ത്രി അബ്ദുറഹ്‌മാനും നിവേദനം അയച്ചു. യോഗത്തില്‍ പാലക്കാട്- തിരുവനന്തപുരം ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരെയും, കേരളത്തിലെ ജനപ്രതിനിധികളെയും പങ്കെടുപ്പിക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.
2016 മുതല്‍ നിര്‍ത്തലാക്കിയ റെയില്‍വേ ബഡ്ജറ്റ് പുനസ്ഥാപിക്കണം. മറ്റു സംസ്ഥാനങ്ങളില്‍ വന്ദേ ഭാരത്, മറ്റു പ്രീമിയം ട്രെയിനുകള്‍ക്ക് വഴിയൊരുക്കുന്നതിന് ട്രാക്ക് മെയിന്റനന്‍സ് നടത്തുന്നതിന്റെ പേരില്‍ നവത്സര -ശബരിമല- ശിവഗിരി തീര്‍ത്ഥാടന സീസണ്‍ സമയത്ത് കേരളത്തിലൂടെയുള്ള എട്ട് ദീര്‍ഘ ദൂര തീവണ്ടികള്‍ റദ്ദാക്കല്‍, ഏറ്റവും യാത്ര തിരക്കുള്ള ബാംഗ്ലൂര്‍- പാലക്കാട് വഴി കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കാതിരിക്കുക തുടങ്ങി കടുത്ത അവഗണനയാണ്പ്രത്യേകിച്ചും മലബാറിനോട് കാണിക്കുന്നത്. കൂടാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്ന റെയില്‍വേ ഓഫീസുകളും സ്ഥാപനങ്ങളും, ഷൊര്‍ണൂരിലെ കോച്ച് അറ്റകുറ്റപ്പണി ഷെഡ്, ലോക്കോ പൈലറ്റ്, മാനേജര്‍മാരുടെ ഡിപ്പോ, എന്നിവ കര്‍ണാടകയിലെ ബാംഗ്ലൂര്‍, മൈസൂര്‍ ഡിവിഷനിലേക്ക്മാറ്റാനുള്ള ആസൂത്രിത നീക്കം നടക്കുന്നുണ്ട്.
തിരുവനന്തപുരം കാസര്‍ഗോഡ് വന്ദേ ഭാരത്, മറ്റു ചില വണ്ടികള്‍ മംഗലാപുരം നാഗര്‍കോവില്‍ കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് മാറ്റാനുള്ള നീക്കം പാലക്കാട് ഡിവിഷന്‍ നിര്‍ത്തലാക്കുന്നതിനുള്ള മുന്നോടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുന്‍പ് പാലക്കാട് ഡിവിഷനില്‍ നിന്ന് കോയമ്പത്തൂര്‍ ഉള്‍പ്പെടെ മാറ്റി സേലം ഡിവിഷന്‍ രൂപീകരിച്ചതിനു ശേഷമാണ് അറിയുന്നത്. ഈ സാഹചര്യത്തില്‍ അടിയന്തരയോഗം കേരള സര്‍ക്കാര്‍ വിളിക്കണമെന്നവര്‍ അഭ്യര്‍ത്ഥിച്ചു.