ദുബൈ: പുതുവര്‍ഷത്തില്‍ ഗ്രേഡ് കുറഞ്ഞ പ്ലാസ്റ്റിക് കവറുകളുടെ വില്‍പന പൂര്‍ണമായി നിര്‍ത്താനൊരുങ്ങി ദുബൈയിലെ വ്യാപാര സ്ഥാപനങ്ങള്‍. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകള്‍ പൂര്‍ണമായി നിരോധിക്കുന്നതിന്റെ മുന്നോടിയായാണ് തീരുമാനം. പുനരുപയോഗ സാധ്യതയുള്ള കവറുകള്‍ വലുപ്പം അനുസരിച്ച് വില നിശ്ചയിച്ച് വില്‍പന തുടരും.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകള്‍ പുതിയ വര്‍ഷം പൂര്‍ണമായും നിര്‍ത്തുമെന്നു റീട്ടെയ്ല്‍ ശൃംഖലയായ ക്യാരിഫോ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ ഇവര്‍ പ്ലാസ്റ്റിക് കവറുകള്‍ ഒഴിവാക്കും. ദീര്‍ഘകാലം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകള്‍ ന്യായമായ നിരക്കില്‍ വില്‍ക്കുന്നത് തുടരും. സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ സ്വന്തമായി കവറുകള്‍ കൊണ്ടുവരണം.
കഴിഞ്ഞ വര്‍ഷം പുനരുപയോഗ കവറുകളുടെ ഉപയോഗം 87% വര്‍ധിപ്പിച്ചതായി ക്യാരിഫോ പ്രതിനിധി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് പുനരുപയോഗ ബാഗുകള്‍ നല്‍കിയ ആദ്യത്തെ റീട്ടെയ്ല്‍ ഔട്ലെറ്റാണ് ക്യാരിഫോറിന്റേത്. 15 വര്‍ഷമായി പ്ലാസ്റ്റിക്കിനു ബദലായി പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുന്നു.
കാലാവസ്ഥ വെല്ലുവിളി അതിജീവിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും യുഎഇ നടത്തുന്ന മുന്നേറ്റത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയാണ് പ്രമുഖ വ്യാപാര സ്ഥാപനങ്ങള്‍. യുഎഇയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ എണ്ണം പ്രതിവര്‍ഷം 1300 കോടി കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുസ്ഥിര ഉല്‍പന്നങ്ങളുടെ ഉപയോഗത്തിന്റെ പ്രാധാന്യം സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്.