കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യമേഖലാ തൊഴിലാളികള്‍ക്ക് നാളെ മുതല്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ അനുമതി. നിലവിലെ സ്‌പോണ്‍സറില്‍നിന്ന് എന്‍ഒസി വാങ്ങണമെന്നതാണ് പ്രധാന നിബന്ധന.
തുടര്‍ന്ന് മാനവശേഷി വകുപ്പില്‍നിന്ന് പെര്‍മിറ്റ് എടുത്താല്‍ ദിവസേന പരമാവധി 4 മണിക്കൂര്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാം. മറ്റൊരു സ്ഥാപനത്തില്‍ പോയോ റിമോട്ട് വര്‍ക്കായോ ജോലി ചെയ്യാം. തൊഴില്‍ വിപണിയില്‍ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹ് ആണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.
ഇതനുസരിച്ച് വിദേശത്തുനിന്ന് പുതിയ റിക്രൂട്ട്‌മെന്റ് ഒഴിവാക്കുന്നതോടൊപ്പം രാജ്യത്തിനകത്തുള്ള വിദേശികളെ പരമാവധി ഉപയോഗപ്പെടുത്തി തൊഴിലാളികളുടെ അഭാവം നികത്താനും സാധിക്കും. കരാര്‍ മേഖലയെ പുതിയ തീരുമാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കി.