ബാങ്ക് ലോക്കര്‍, സിം കാര്‍ഡ്,…അങ്ങനെ നാളെ മുതല്‍ ശ്രദ്ധിക്കാന്‍ കുറച്ച് കാര്യങ്ങളുണ്ട്

ബാങ്ക് ലോക്കര്‍, സിം കാര്‍ഡ്,…അങ്ങനെ നാളെ മുതല്‍ ശ്രദ്ധിക്കാന്‍ കുറച്ച് കാര്യങ്ങളുണ്ട്

 

കൊച്ചി: പുതുവര്‍ഷം വരുമ്പോള്‍ ഒരുപാട് ലക്ഷ്യങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നവരാണ് ഒട്ടുമിക്ക ആളുകളും. ജനുവരി ഒന്നുമുതല്‍ വിവിധ രംഗങ്ങളില്‍ ഉണ്ടാവുന്ന ചില മാറ്റങ്ങളാണ് താഴെകൊടുത്തിട്ടുള്ളത്.

കെ- സ്മാര്‍ട്ട് പദ്ധതി:

തദ്ദേശവകുപ്പിന്റെ വിവിധ സേവനങ്ങള്‍ സുതാര്യമായും അതിവേഗത്തിലും ഉറപ്പാക്കുന്ന സംവിധാനമായ കെ -സ്മാര്‍ട്ട് ജനുവരി ഒന്നുമുതല്‍ ആരംഭിക്കുകയാണ്.തുടക്കത്തില്‍ കോര്‍പ്പറേഷനുകളിലും നഗരസഭകളിലുമാണ് ഈ ഓണ്‍ലൈന്‍ സേവനം ലഭിക്കുക. ഏപ്രില്‍ ഒന്നുമുതല്‍ മുഴുവന്‍ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും.

ആദ്യ ഘട്ടത്തില്‍ എണ്‍പതോളം സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ കോര്‍പറേഷനുകളിലും നഗരസഭകളിലും ലഭ്യമാക്കും.
കെ- സ്മാര്‍ട്ട് ആപ്പിലൂടെ അപേക്ഷകളും പരാതികളും ഓണ്‍ലൈനായി സമര്‍പ്പിക്കാനും അവയുടെ നിലവിലെ സ്ഥിതി അറിയാനുമാകും. അതിനായി അപേക്ഷകളുടെയും പരാതികളുടെയും രസീത് അപേക്ഷകന്റെ വാട്സ്ആപ്പിലും ഇ-മെയിലിലും ലഭ്യമാക്കുമെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ് അറിയിച്ചു.

ബാങ്ക് ലോക്കര്‍:

പുതുക്കിയ ബാങ്ക് ലോക്കര്‍ കരാറില്‍ ഡിസംബര്‍ 31നകം അക്കൗണ്ട് ഉടമ ഒപ്പിടണം. അല്ലാത്തപക്ഷം ലോക്കര്‍ മരവിപ്പിക്കുമെന്നാണ് റിസര്‍വ് ബാങ്ക് നല്‍കുന്ന മുന്നറിയിപ്പ്. കരാറില്‍ ഒപ്പിടുന്ന സമയപരിധി ഡിസംബര്‍ 31 വരെ റിസര്‍വ് ബാങ്ക് നീട്ടുകയായിരുന്നു.

പുതിയ സിം കാര്‍ഡ്:

പുതിയ ഫോണ്‍ കണക്ഷന്‍ വേണ്ടവര്‍ക്ക് ജനുവരി ഒന്നുമുതല്‍ സിം കാര്‍ഡിനായി പേപ്പര്‍ രഹിതമായി അപേക്ഷിക്കാന്‍ കഴിയും. ജനുവരി ഒന്നുമുതല്‍ പേപ്പര്‍ രഹിത കെവൈസി വ്യവസ്ഥ നടപ്പാക്കുമെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍സിന്റെ വിജ്ഞാപനത്തില്‍ പറയുന്നത്.

യുപിഐ ഐഡികള്‍:

ഒരു വര്‍ഷമായി പണമിടപാടുകള്‍ നടത്താത്ത യുപിഐ ഐഡികളും നമ്പറുകളുമുപയോഗിച്ച് നാളെ മുതല്‍ പണം സ്വീകരിക്കാന്‍ വിലക്ക് നേരിട്ടേക്കാം. ഇത്തരം യുപിഐ ഐഡികളും നമ്പറുകളും മരവിപ്പിക്കാനാണ് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഉത്തരവ്. ഇക്കാരണത്താല്‍ പണം സ്വീകരിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ അതത് യുപിഐ ആപ്പില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണം

നോമിനേഷന്‍:

ഓഹരി നിക്ഷേപത്തിനായുള്ള ഡീമാറ്റ് അക്കൗണ്ടുളളവര്‍ക്കും മ്യൂച്ചല്‍ ഫണ്ട് നിക്ഷേപകര്‍ക്കും നോമിനിയെ ചേര്‍ക്കാനുള്ള സമയപരിധി സെബി 2024 ജൂണ്‍ 30 വരെ നീട്ടി. നോമിനിയില്ലാത്ത അക്കൗണ്ടുകള്‍ ജൂണ്‍ 30ന് ശേഷം മരവിപ്പിക്കും. അല്ലാത്തപക്ഷം നോമിനേഷനില്‍ നിന്ന് ഒഴിവാക്കി തരണമെന്ന് രേഖാമൂലം അറിയിക്കേണ്ടതാണ്.

കാനഡ പഠനം:

ജനുവരി ഒന്നുമുതല്‍ കാനഡയില്‍ പോയി ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശ വിദ്യാര്‍ഥികള്‍ക്ക് ചെലവ് കൂടും. ജീവിതച്ചെലവുമായി ബന്ധപ്പെട്ട സാമ്പത്തിക ആവശ്യകത മാനദണ്ഡം പുതുക്കിയത് ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ ഉള്ളതിനേക്കാള്‍ ഇരട്ടി തുക കൈയില്‍ കരുതേണ്ടി വരും. ഇന്ത്യയില്‍ നിന്ന് അടക്കം വിദേശ വിദ്യാര്‍ഥികളുടെ കാനഡയിലേക്കുള്ള വരവിനെ ഈ നീക്കം ബാധിക്കും. വിദ്യാര്‍ഥികള്‍ക്ക് യാത്രയ്ക്കും ട്യൂഷനും നല്‍കുന്നതിന് പുറമേ, ജീവിതച്ചെലവുമായി ബന്ധപ്പെട്ട സാമ്പത്തിക ആവശ്യകത മാനദണ്ഡം അനുസരിച്ച് 20,635 ഡോളറാണ് കൈയില്‍ കരുതേണ്ടി വരിക. രണ്ടു പതിറ്റാണ്ടായി 10000 ഡോളര്‍ ആയിരുന്നു തുക.

 

ബാങ്ക് ലോക്കര്‍, സിം കാര്‍ഡ്,…അങ്ങനെ നാളെ മുതല്‍ ശ്രദ്ധിക്കാന്‍ കുറച്ച് കാര്യങ്ങളുണ്ട്

 

Share

Leave a Reply

Your email address will not be published. Required fields are marked *