2023 ക്രിസ്റ്റ്യാനോക്ക് സ്വന്തം; ഗോള്‍ വേട്ടയില്‍ ഒന്നാമന്‍

2023 ക്രിസ്റ്റ്യാനോക്ക് സ്വന്തം; ഗോള്‍ വേട്ടയില്‍ ഒന്നാമന്‍

റിയാദ്: സൗദി പ്രൊ ലീഗില്‍ ഈ വര്‍ഷത്തെ അവസാന മത്സരത്തിലും ഗോളടിച്ച് 2023 സ്വന്തം പേരില്‍ എഴുതിചേര്‍ത്ത് അല്‍നസ്‌റിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 54 ഗോളുകള്‍ നേടിയ 38കാരനാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്. 52 ഗോള്‍ വീതം നേടിയ ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലീഷ് താരം ഹാരി കെയിനിനെയും പി.എസ്.ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയെയും കഴിഞ്ഞ മത്സരത്തില്‍ തന്നെ മറികടന്ന പോര്‍ച്ചുഗല്‍ ഇതിഹാസം റെക്കോഡ് നേട്ടം കിങ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിയില്‍ പുതുക്കുകയായിരുന്നു. കരിയറിലെ 873ാമത്തെ ഗോളുകൂടിയാണ് പിറന്നത്.

അതേസമയം, റൊണാള്‍ഡോയുടെ ചിറകിലേറി തകര്‍പ്പന്‍ ജയത്തോടെ അല്‍ നസ്‌റും വര്‍ഷാവസാനം ഗംഭീരമാക്കി. അല്‍ താവൂണ്‍ എഫ്.സിക്കെതിരെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് അല്‍ നസ്‌റിന്റെ ജയം. താവൂണിന്റെ തട്ടകത്തില്‍ മാര്‍സലോ ബ്രൊസോവിച്ച്, ഐമറിക് ലപോര്‍ട്ടെ, ഒട്ടാവിയോ, ക്രിസ്റ്റ്യനോ റൊണാള്‍ഡോ എന്നിവരാണ് അല്‍ നസ്‌റിനായി ഗോള്‍ കണ്ടെത്തിയത്. അഷ്‌റഫ് മഹ്ദൂയിയിലൂടെ അല്‍ താവൂന്‍ എഫ്.സിയാണ് ആദ്യ ലീഡെടുക്കുന്നത്. 26ാം മിനിറ്റില്‍ ബ്രൊസോവിച്ചിലൂടെ അല്‍ നസ്ര്‍ മറുപടി ഗോള്‍ നേടി.

35ാം മിനിറ്റില്‍ ലപോര്‍ട്ടെയുടെ ഗോളിലൂടെ അല്‍ നസ്ര്‍ ലീഡെടുത്തു(21). രണ്ടാം പകുതിയില്‍ 50ാം മിനിറ്റില്‍ ഒട്ടാവിയോയിലൂടെ അല്‍ നസ്ര്‍ ലീഡ് ഇരട്ടിയാക്കി(31). കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഇഞ്ചുറി ടൈമിലാണ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളെത്തുന്നത്. തകര്‍പ്പന്‍ ഹെഡറിലൂടെയാണ് തന്റെ ഈ വര്‍ഷത്തെ അവസാന ഗോള്‍ കണ്ടെത്തുന്നത്.

സൗദി പ്രൊ ലീഗില്‍ 19 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അല്‍ നസ്ര്‍ 46 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. 53 പോയിന്റുള്ള അല്‍ ഹിലാല്‍ ഒന്നാം സ്ഥാനത്തും 40 പോയിന്റുമായി അല്‍ അഹ്ലി സൗദി മൂന്നാം സ്ഥാനത്ത് തുടരുന്നു.

 

2023 ക്രിസ്റ്റ്യാനോക്ക് സ്വന്തം; ഗോള്‍ വേട്ടയില്‍ ഒന്നാമന്‍

Share

Leave a Reply

Your email address will not be published. Required fields are marked *