തിരുവനന്തപുരം: ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച് നാളെ രാത്രി 8 മണി മുതല്‍ ജനുവരി ഒന്ന് പുലര്‍ച്ചെ 6 വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. പമ്പുകള്‍ക്കു നേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തിലും മോഷണങ്ങളിലും പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചു. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ മാര്‍ച്ച് മുതല്‍ രാത്രി 10 മണിവരെ മാത്രമേ പമ്പുകള്‍ പ്രവര്‍ത്തിക്കൂ.
ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണം നടന്നതിനെ തുടര്‍ന്ന് ജീവനക്കാരെ സംരക്ഷിക്കാനായി സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തിയതുപോലെ പമ്പുകളെ സംരക്ഷിക്കാനും നിയമ നിര്‍മാണം നടത്തണമെന്നാണ് സംഘടനയുടെ ആവശ്യം. പമ്പുകളില്‍ ഗുണ്ടാ ആക്രമണവും മോഷണവും പതിവാണെന്ന് സംഘടന പറയുന്നു. പ്ലാസ്റ്റിക് കുപ്പികളില്‍ ഇന്ധനം നല്‍കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇങ്ങനെ ഇന്ധനം നല്‍കിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് കേന്ദ്ര ഏജന്‍സികളും നിര്‍ദേശിച്ചിട്ടുണ്ട്. രാത്രിയില്‍ കുപ്പികളില്‍ ഇന്ധനം വാങ്ങാനെത്തുന്നവര്‍ പ്രശ്‌നമുണ്ടാക്കുന്നത് പതിവാണെന്നും സംഘടന അഭിപ്രായപ്പെടുന്നു. സംസ്ഥാനത്ത് രണ്ടായിരത്തോളം പെട്രോള്‍ പമ്പുകളുണ്ട്.
ഡിസംബര്‍ 31ന് സംസ്ഥാന വ്യാപകമായി സ്വകാര്യ പെട്രോള്‍ പമ്പുകള്‍ അടച്ച് സൂചനാ സമരം പ്രഖ്യാപിച്ചിരിക്കുന്നു സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള 14 യാത്രാ ഫ്യൂവല്‍സ് ഔട്ട്ലെറ്റുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈസ്റ്റ് ഫോര്‍ട്ട്, വികാസ്ഭവന്‍, കിളിമാനൂര്‍, ചടയമംഗലം, പൊന്‍കുന്നം, ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, മൂവാറ്റുപുഴ, പറവൂര്‍, ചാലക്കുടി, തൃശ്ശൂര്‍, ഗുരുവായൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് യാത്രാ ഫ്യൂവല്‍സ് ഔട്ട്‌ലറ്റ് ഉള്ളത്.
ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധം: പെട്രോള്‍ പമ്പുകള്‍ അടച്ചിടും