ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ട് ജനുവരി 22-ന് വീടുകളില്‍ ദീപം തെളിയിക്കണമെന്ന് ആഹ്വാനംചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യയിലെ പുതുക്കിയ റെയില്‍വേ സ്റ്റേഷനും വിമാനത്താവളവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജനുവരി 22-ന് രാമക്ഷേത്രത്തിലേക്ക് ആരും വരരുതെന്ന് ജനങ്ങളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു. ആദ്യം പരിപാടി നടക്കുന്നതിനായി ജനങ്ങള്‍ സഹകരിക്കണം. ജനുവരി 23 മുതല്‍ എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് വരാം. എല്ലാവരും പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവരാണ്. എന്നാല്‍, സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ഇത്രയധികം പേരെ നമുക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. 550 വര്‍ഷമായി നിങ്ങള്‍ കാത്തിരിക്കുകയാണ്. അല്‍പസമയം കൂടെ കാത്തിരിക്കൂ’, പ്രധാനമന്ത്രി പറഞ്ഞു.
ക്ഷേത്രം പരിസരത്ത് തിരക്ക് കൂട്ടരുത്. നൂറ്റാണ്ടുകളോളം ക്ഷേത്രം അവിടെ തന്നെ കാണും. ഭക്തര്‍ കാരണം ക്ഷേത്രഭാരവാഹികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാന്‍ പാടില്ല. ലക്ഷക്കണക്കിന് സന്ദര്‍ശകര്‍ക്ക് ആതിഥ്യം വഹിക്കാന്‍ അയോധ്യ തയ്യാറാകണം. അതിനാല്‍, രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി അയോധ്യയെ മാറ്റാന്‍ ജനങ്ങള്‍ പ്രതിജ്ഞയെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജനുവരി 22-ന് വീടുകളില്‍ ദീപം തെളിയിക്കണം; പ്രധാനമന്ത്രി