തിരുവനന്തപുരം: രണ്ടരവര്‍ഷത്തെ ഭരണത്തിനു ശേഷം രണ്ട് മന്ത്രിമാര്‍ക്ക് അധികാരം പോയെങ്കിലും പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ ഉറപ്പായി. രണ്ട് മന്ത്രിമാരുടെയും സ്റ്റാഫില്‍ രാഷ്ട്രീയ നിയമനം ലഭിച്ച 37 പേര്‍ക്കും ഇനി ആജീവനാന്ത പെന്‍ഷന്‍ കിട്ടും. പുതിയ മന്ത്രിമാരുടെ സ്റ്റാഫില്‍ പുതുതായി എത്തുന്ന സ്റ്റാഫുകള്‍ക്കും പെന്‍ഷന്‍ രണ്ടരവര്‍ഷം കഴിഞ്ഞു നല്‍കേണ്ടിവരും. 3450 രൂപ മുതല്‍ ആറായിരം രൂപ വരെയാണ് പെന്‍ഷന്‍ ലഭിക്കുക. പുറമെ ഡി.എ. അടക്കം മറ്റ് ആനുകൂല്യങ്ങളുമുണ്ട്.
ആന്റണി രാജുവിന്റെ സ്റ്റാഫില്‍ ആകെയുണ്ടായിരുന്നത് 21 പേരായിരുന്നു. ഇതില്‍ 19 ഉം രാഷ്ട്രീയ നിയമനം. രണ്ട് അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി, നാല് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, ഒരു അഡീഷനല്‍ പി.എ, ഒരു അസിസ്റ്റന്റ്, നാല് ക്ലര്‍ക്ക്, നാല് ഓഫീസ് അസിസ്റ്റന്റ്, രണ്ട് ഡ്രൈവര്‍മാര്‍, ഒരു പാചകക്കാരന്‍ എന്നിങ്ങനെയായിരുന്നു ആന്റണി രാജുവിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നത്. മന്ത്രിയായിരുന്ന അഹമ്മദ്ദേവര്‍ കോവിലിന്റെ സ്റ്റാഫില്‍ ഉണ്ടായിരുന്നത് 25 പേരായിരുന്നു. ഏഴ് പേര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നുള്ള ഡെപ്യൂട്ടേഷനും ബാക്കി രാഷ്ട്രീയ നിയമനം. രണ്ട്പേര്‍ പ്രൈവറ്റ് സെക്രട്ടറിമാറായി പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍വ്വീസിലേക്ക് തിരിച്ചു പോകും.
15 ദിവസത്തെ സര്‍ക്കാര്‍ ശമ്പളം മന്ത്രിയുടെ ഓഫീസില്‍ നിന്നും പടിയിറങ്ങിയാലും പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് ലഭിക്കാന്‍ അര്‍ഹതയുണ്ട്. 2021 ലെ ഉത്തരവ് അനുസരിച്ച് രണ്ട് വര്‍ഷവും ഒരു ദിവസും പേഴ്സണല്‍ സ്റ്റാഫില്‍ സേവനം പൂര്‍ത്തിയായാല്‍ മൂന്ന് വര്‍ഷം സര്‍വീസ് കണക്കാക്കി മിനിമം പെന്‍ഷനാണ് അര്‍ഹത .
മിനിമം പെന്‍ഷന്‍ 3450 രൂപയാണ്. കുക്ക് മുതല്‍ അസി. പ്രൈവറ്റ് സെക്രട്ടറിവരെ രണ്ടര വര്‍ഷം കഴിഞ്ഞവര്‍ക്ക് ഈ പണം കിട്ടും. അഡീഷണല്‍ സെക്രട്ടറിക്ക് സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറിയുടെ റാങ്കാണ്. രണ്ടര വര്‍ഷത്തെ സേവനത്തിന് ശേഷം കിട്ടുക 5,500 രൂപ പെന്‍ഷന്‍. പ്രൈവറ്റ് സെക്രട്ടറി ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലാണ്, പെന്‍ഷന്‍ 6000 രൂപ വരെ. എല്ലാവര്‍ക്കും ഏഴു ശതമാനം ഡി.എ. കൂടി കിട്ടും. ടെര്‍മിനല്‍ സറണ്ടറായി രണ്ടര മാസത്തെ മുഴുവന്‍ ശമ്പളം വേറെയും ലഭിക്കും. ഗ്രാറ്റുവിറ്റിയും പെന്‍ഷന്‍ കമ്മ്യൂട്ടേഷനും കൂടെയുണ്ട്.
ശമ്പള പരിഷ്‌ക്കരണം വരുമ്പോള്‍ പിരിഞ്ഞുപോയവര്‍ക്കം ആനുകൂല്യം ലഭിക്കും. രണ്ടര വര്‍ഷം പിന്നിട്ടതോടെ മറ്റ് ചില മന്ത്രിമാരുടെ സ്റ്റാഫില്‍ കൂടി മാറ്റത്തിന് ശ്രമം നടക്കുന്നുണ്ടെന്നാണ് വിവരം.പെന്‍ഷന്‍ ഉറപ്പായവരെ മാറ്റി പകരം പാര്‍ട്ടിക്കാരെ നിയമിക്കാനാണ് നീക്കം.