രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുത്തേക്കും

രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുത്തേക്കും

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുത്തേക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സോണിയ ഗാന്ധി, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുതിര്‍ന്ന നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയവര്‍ക്കാണ് നിലവില്‍ ചടങ്ങിലേക്ക് ക്ഷണമുള്ളത്. കോണ്‍ഗ്രസ് ചടങ്ങില്‍ പങ്കെടുക്കുമോ എന്നത് വലിയ ആശയ കുഴപ്പങ്ങള്‍ക്കാണ് വഴി വെച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചടങ്ങിന് നേതൃത്വം വഹിക്കുന്നത്. നേരത്തെ ചടങ്ങില്‍ സോണിയ ഗാന്ധിയോ പ്രതിനിധിയായി മറ്റാരെങ്കിലുമോ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് വ്യക്തമാക്കിയിരുന്നു. സോണിയ ഗാന്ധി ഈ വിഷയത്തില്‍ വളരെ പോസിറ്റീവ് ആണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മുസ്ലിം ലീഗ് ഉള്‍പ്പടെയുള്ള ഇന്ത്യന്‍ പ്രതിപക്ഷ ബ്ലോക്കിലെ സഖ്യ കക്ഷികളുമായി നടത്തിയ വിപുലമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് വിഷയത്തില്‍ തീരുമാനം എടുത്തതെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആവശ്യമായ തീരുമാനം കൈകൊള്ളുകയാണെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. രാമക്ഷേത്ര പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് കോണ്‍ഗ്രസിനെയും ഇന്ത്യ സഖ്യ കക്ഷികളെയും ആക്രമിക്കാനുള്ള ആയുധമായി ബിജെപി ഉപയോഗിക്കുമെന്ന് സോണിയ ഗാന്ധി കരുതുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പങ്കെടുക്കാതിരുന്നാല്‍ അയോധ്യ രാമക്ഷേത്രം ബിജെപി സ്വന്തം പരിപാടിയായി മാറ്റുമെന്നും അതു തിരിച്ചടിയായി മാറുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.

സിപിഎം നേതാവ് സീതാറാം യെച്ചൂരിയും സിപിഐ നേതാവ് ഡി രാജയും അടക്കമുള്ള ഇടതുപക്ഷ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. തങ്ങള്‍ മതവിശ്വാസങ്ങള്‍ക്ക് എതിരല്ലെന്നും, മതവിശ്വാസങ്ങള്‍ ആളുകളുടെ വ്യക്തിപരമായ വിഷയമാണെന്നും, അതുപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കരുതെന്നും യെച്ചൂരി വ്യക്തമാക്കിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസും ക്ഷണം നിരസിച്ച് കൊണ്ട് നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ തീരുമാനം ദിവസങ്ങളായി ചര്‍ച്ചയില്‍ തുടരുകയായിരുന്നു. ‘ഇന്ത്യ’ മുന്നണിയില്‍ ഒരു പൊതു തീരുമാനമെടുക്കാന്‍ സാധിക്കാത്ത വിഷയം ആയതിനാല്‍ പാര്‍ട്ടികള്‍ സ്വതന്ത്രമായാണ് നിലപാട് വ്യക്തമാക്കുന്നത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങില്‍ പങ്കെടുക്കുന്നത് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനും ഒന്നിലധികം സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്കും മുന്നോടിയായി മുസ്ലിങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്ന് വലിയ തിരിച്ചടിക്ക് കാരണമാകും. എന്നാല്‍ വിട്ട് നില്‍ക്കുന്നത് ബിജെപിക്ക് പാര്‍ട്ടിയെ ആക്രമിക്കാനുള്ള ആയുധം നല്‍കുകയും ചെയ്യും. രാമക്ഷേത്ര നിര്‍മ്മാണം തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാന പ്രചാരണ ആയുധമാണ്.

 

 

 

രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുത്തേക്കും

Share

Leave a Reply

Your email address will not be published. Required fields are marked *