പുതിയ മന്ത്രിമാരായ ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും സത്യ പ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പരസ്പരം മിണ്ടാതെയും നോക്കാതെയും മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. പത്ത് മിനിട്ടോളം നീണ്ട ചടങ്ങില്‍ മുഖത്തോടുമുഖം നോക്കാതെയാണ് ഇരുവരും വേദി പങ്കിട്ടത്.രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണറായിരുന്നു ആദ്യം വേദിയിലെത്തിയത്. പിന്നാലെയെത്തിയ മുഖ്യമന്ത്രി ഹസ്തദാനത്തിനോ സംസാരത്തിനോ മുതിരാതെ ചടങ്ങ് ആരംഭിക്കുകയായിരുന്നു. കടന്നപ്പള്ളിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ഗണേഷ് കുമാറിനും ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
ചടങ്ങിന് ശേഷം ഗവര്‍ണര്‍ നടത്തിയ ഔദ്യോഗിക ചായ സല്‍ക്കാരത്തില്‍ നിന്നും മുഖ്യമന്ത്രി വിട്ടുനിന്നു. എന്നാല്‍ മന്ത്രി സഭയിലെ പുതിയ അംഗങ്ങളുള്‍പ്പെടെയുള്ളവര്‍ സല്‍ക്കാരത്തില്‍ പങ്കെടുത്തു.സര്‍വകലാശാല സെനറ്റുകളിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണറും സര്‍ക്കാരും കൊമ്പുകോര്‍ത്ത ശേഷം ആദ്യമായാണ് മുഖ്യമന്ത്രിയുമായി വേദി പങ്കിടുന്നത്.