മക്കയില്‍ വന്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയെന്ന് സൗദി അറേബ്യ. മന്‍സുറ – മസ്‌റാഹ് ഖനിക്ക് തെക്ക് ഭാഗത്തായി 100 കിലോമീറ്ററോളം പ്രദേശത്താണ് സ്വര്‍ണത്തിന്റെ പുതിയ സാന്നിധ്യം സ്ഥിരീകരിച്ചത്. മക്കയിലെ അല്‍-ഖുമ്‌റ ഗവര്‍ണറേറ്റിന്റെ പരിധിയിലാണ് പ്രദേശം. ഒന്നിലേറെ സ്ഥലങ്ങളില്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയതോടെയാണ് ഖനനത്തിനുള്ള സാധ്യതകള്‍ തെളിഞ്ഞതെന്ന് സൗദി അറേബ്യന്‍ ഖനന കമ്പനിയായ മഅദിന്‍ വ്യക്തമാക്കി. മഅദിന്റെ നേതൃത്വത്തില്‍ നടത്തിയ പര്യവേഷണത്തിലാണ് സ്വര്‍ണത്തിന്റെ വിശാല സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞത്.
തെക്കന്‍ ഉറുഖില്‍ പലയിടങ്ങളിലായി ഡ്രില്ലിങ് നടത്തിയപ്പോള്‍ 100 കിലോമീറ്ററോളം ഭൂപ്രദേശത്ത് മന്‍സുറ- മസ്‌റയിലേതിന് സമാനമായ ഭൂപ്രകൃതി കണ്ടെത്താനായെന്നും സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ നിലവാരമേറിയ സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞതായും കമ്പനി വ്യക്തമാക്കുന്നു. മന്‍സുറ- മസ്‌റയ്ക്കടിയിലായി 400 മീറ്റര്‍ വ്യത്യാസത്തിലാണ് ഇവ കണ്ടെത്തിയത്. പ്രദേശത്തെ വന്‍ സ്വര്‍ണ നിക്ഷേപ ശേഖരത്തിലേക്കാണ് സൂചനകള്‍ നല്‍കുന്നതെന്നും കമ്പനി വിശദീകരിക്കുന്നു. വന്‍തോതിലുള്ള ഖനനത്തിന്റെ സാധ്യതയും മഅദിന്‍ വ്യക്തമാക്കി.
മന്‍സുറ മസ്‌റ ഖനിക്ക് നിന്ന് 25 കിലോമീറ്റര്‍ വടക്ക് ജബല്‍ അല്‍-ഗദാര, ബിര്‍ അല്‍-തവിലയിലും പര്യവേക്ഷണങ്ങള്‍ തുടരുകയാണ്. പ്രദേശത്ത് ആകെ 125 കിലോമീറ്റര്‍ നീളത്തില്‍ സ്വര്‍ണ ശേഖരമുണ്ടെന്നാണ് കരുതുന്നത്. ഏഴു ദശലക്ഷം ഔണ്‍സിന്റെ സ്വര്‍ണ ശേഖരവും പ്രതിവര്‍ഷം 250,000 ഔണ്‍സിന്റെ ഉല്‍പ്പാദന ശേഷിയും ഈ പ്രദേശത്തിനുണ്ടെന്നാണ് കണക്കുകൂട്ടുന്നത്. ഇതോടെ ലോകത്തെ സ്വര്‍ണ ഉല്‍പാദനത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി മന്‍ സുറ- മസ്‌റാഹ് ഖനി മാറുമെന്നാണ് റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഅദിന്‍ ഖനിയുടെ സിഇഒ റോബര്‍ട്ട് വില്‍റ്റ് അറിയിച്ചത്. സൗദി അറേബ്യയിലെ മറഞ്ഞു കിടക്കുന്ന വിഭവങ്ങളുടെ അനന്ത സാധ്യതകളാണ് ഇത് സൂചിപ്പിക്കുന്നതെന്നും സൗദിയുടെ സമ്പദ്വ്യവസ്ഥയുടെ മൂന്നാം തൂണായി ഖനനം മാറുമെന്നും അദ്ദേഹം പറഞ്ഞു.
സൗദി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ഏറ്റവും വലിയ ഖനന കമ്പനിയാണ് മഅദിന്‍. കമ്പനിയുടെ 67 ശതമാനവും പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ (പിഐഎഫ്) ഉടമസ്ഥതയിലാണ്. സൗദി അറേബ്യയിലെ ഏറ്റവും പുതിയതും അതേസമയും വലുതും സാങ്കേതികമായി മുന്നിട്ടു നില്‍ക്കുന്നതുമായ സ്വര്‍ണ്ണ ഖനിയാണ് മന്‍സൂറ മസാറ. 2022ല്‍ 11,982.84 ഔണ്‍സ് സ്വര്‍ണമാണ് ഖനിയില്‍ നിന്നും ഉല്‍പ്പാദിപ്പിച്ചത്.
മക്കയില്‍ പുതിയ വന്‍ സ്വര്‍ണ ശേഖരം