കണ്ണൂര്‍: ഞെട്ടിത്തോട് വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോവാദി കൊല്ലപ്പെട്ടതായി പോസ്റ്റര്‍. മാവോവാദി കവിത എന്ന ലക്ഷ്മി കൊല്ലപ്പെട്ടതായാണ് വയനാട് തിരുനെല്ലി ഹുണ്ടികപ്പറമ്പ് കോളനിയില്‍ പ്രത്യേക്ഷപ്പെട്ട പോസ്റ്ററില്‍ പറയുന്നത്. വ്യാഴാഴ്ച രാത്രിയോടെയാണ് തിരുനെല്ലിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ആറംഗ സംഘമെത്തിയാണ് പോസ്റ്റര്‍ പതിച്ചതെന്നാണ് വിവരം.
പോലീസും മാവോവാദികളും തമ്മില്‍ ഇരിട്ടി ഉരുപ്പുംകുറ്റി ഞെട്ടിത്തോട്ട് ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് ചോരപ്പാടുകളും ആയുധങ്ങളും കണ്ടെത്തിയെന്ന് അന്വേഷണസംഘം അറിയിച്ചിരുന്നു. ഒരു സ്ത്രീയടക്കം രണ്ടു മാവോവാദികള്‍ക്ക് പരിക്കേറ്റതായും അന്ന് സൂചനയുണ്ടായിരുന്നു. പോലീസുമായി ഏറ്റുമുട്ടിയ എട്ടംഗ സംഘം കാട്ടിലേക്ക് മറഞ്ഞെന്നും പോലീസ് അറിയിച്ചിരുന്നു. പരിക്കേറ്റവര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ആരേയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കാന്‍ പശ്ചിമഘട്ടത്തെ ഒരുക്കിയെടുക്കുന്ന മോദി- പിണറായി സര്‍ക്കാരുകളുടെ ആസൂത്രിത നീക്കമാണ് കവിതയുടെ കൊലപാതകമെന്ന് പോസ്റ്ററില്‍ പറയുന്നു. ‘ഗ്രാമങ്ങളെ ചുവപ്പണിയിക്കാന്‍ സ്വന്തം ജീവന്‍ സമര്‍പ്പിച്ച മാവോയിസ്റ്റ് വനിതാ ഗറില്ല കവിതയ്ക്ക് ലാല്‍ സലാം’, ‘പുത്തന്‍ ജനാധിപത്യ ഇന്ത്യക്കായി പൊരുതി മരിച്ച കവിതയ്ക്ക് ലാല്‍സലാം. രക്തകടങ്ങള്‍ രക്തത്താല്‍ പകരം വീട്ടും’ എന്നിങ്ങനെ പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.
കണ്ണൂരിലെ വനമേഖലയിലെ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ്
കൊല്ലപ്പെട്ടതായി പോസ്റ്റര്‍; പകരംവീട്ടുമെന്ന് മുന്നറിയിപ്പ്