2024ല്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് റിപ്പബ്ലിക്കന്‍ നേതാവ് ഡോണള്‍ഡ് ട്രംപിനെ അയോഗ്യനാക്കി മെയ്ന്‍. കൊളറാഡോ കോടതിയുടെ വിധിക്ക് പിന്നാലെയാണ് അമേരിക്കന്‍ ഐക്യനാടുകളിലെ വടക്കുകിഴക്കന്‍ ന്യൂ ഇംഗ്ലണ്ട് മേഖലയിലെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സംസ്ഥാനമായ മെയ്‌നിന്റെ നടപടി. 2021 ജനുവരി ആറിലെ ക്യാപിറ്റോള്‍ ആക്രമണത്തിലെ ട്രംപിന്റെ പങ്ക് ചൂണ്ടിക്കാട്ടി മെയ്‌നിലെ മുഖ്യ തിരഞ്ഞെടുപ്പ് മേധാവിയാണ് ട്രംപിന് അയോഗ്യത കല്പിച്ചത്. ഇതോടെ റിപ്പബ്ലിക്കന്‍ നേതാവിനെ വിലക്കുന്ന രണ്ടാമത്തെ അമേരിക്കന്‍ സംസ്ഥാനമായി മെയ്ന്‍ മാറി.
2020ലെ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി വ്യാജവാര്‍ത്തകള്‍ ട്രംപ് പ്രചരിപ്പിച്ചുവെന്ന് മെയ്ന്‍ സ്റ്റേറ്റ് സെക്രട്ടറിയും തിരഞ്ഞെടുപ്പ് മേധാവിയുമായ ഷെബല്ലോസ് പറഞ്ഞു. ”നമ്മുടെ സര്‍ക്കാരിന്റെ അടിത്തറയ്ക്കെതിരായ ആക്രമണം യുഎസ് ഭരണഘടന അനുവദിക്കില്ല” 34 പേജുള്ള വിധിയില്‍ ഷെന്ന ബെല്ലോസ് കുറിച്ചു. എന്നാല്‍ അതിനെതിരെ എതിര്‍പ്പ് രേഖപ്പെടുത്തുമെന്ന് ട്രംപിന്റെ പ്രചാരണ ക്യാമ്പ് പ്രതികരിച്ചു.ഔദ്യോഗിക പദവി വഹിക്കുന്നവര്‍ കലാപത്തില്‍ ഏര്‍പ്പെട്ടാല്‍ അവരെ അയോഗ്യനാക്കണമെന്ന അമേരിക്കന്‍ ഭരണഘടനയുടെ 14-ാം ഭേദഗതിയിലെ സെക്ഷന്‍ മൂന്ന് അടിസ്ഥാനത്തില്‍ ട്രംപിനെ പുറത്താക്കണമെന്ന് മെയ്ന്‍ നിയമനിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റേറ്റ് സെക്രട്ടറിയുടെ തീരുമാനമുണ്ടായത്.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ട്രംപിന്റെ യോഗ്യതയില്‍ തീര്‍പ്പിലെത്താന്‍ അമേരിക്കന്‍ സുപ്രീംകോടതിയെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് സംസ്ഥാനങ്ങളുടെ തുടര്‍ച്ചയായുള്ള നടപടികള്‍. അതുകൊണ്ടുതന്നെ നിലവിലെ ഉത്തരവ് മെയ്‌നില്‍ മാത്രമാണ് ബാധകമാകുന്നതെങ്കിലും ട്രംപിന് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തല്‍. മൂന്ന് കേസുകളില്‍ മുന്‍ പ്രസിഡന്റിനെതിരെ കുറ്റപത്രം നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള നേതാവാണ് ട്രംപ്.
ഇക്കഴിഞ്ഞ ഡിസംബര്‍ 19നാണ് കൊളറാഡോ സുപ്രീംകോടതി ട്രംപിനെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് അയോഗ്യനാക്കി ഉത്തരവിറക്കിയത്. കലാപത്തിന്റെ ഭാഗമായതിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ട അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വ്യക്തി കൂടിയാണ് ട്രംപ്. കൊളറാഡോ വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ട്രംപിനെ അയോഗ്യനാക്കണമെന്ന ആവശ്യം മറ്റ് പല സംസ്ഥാനങ്ങളിലും എതിര്‍ക്കപ്പെട്ടിട്ടുണ്ട്.